ഗുരുവായൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവില്‍ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീട്ടില്‍ കുഴഞ്ഞ് വീണായിരുന്നു മരണം. ആംബുലന്‍സ് എത്താന്‍ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരില്‍ നിന്ന് എത്തി അബ്ദുള്‍ ഖാദര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് തിങ്കളാഴ്ച പനി അനുഭവപ്പെടുകയും, തുടര്‍ന്ന് അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്ന് എത്തിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ അബ്ദുല്‍ ഖാദറിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ വൈകിയത് നേരത്തെ വിവാദമായിരുന്നു.
ആംബുലന്‍സ് എത്തും മുമ്പേ അബ്ദുള്‍ ഖാദര്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. അബ്ദുല്‍ ഖാദറിന്റെ മൃതദേഹമാണ് പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ പോസിറ്റീവ് ആകുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അബ്ദുള്‍ ഖാദറിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
സംസ്ഥാനത്ത് 35-ാമത്തെ കൊവിഡ് മരണമാണിത്