ഡിപ്ലോമാറ്റിക് ചാനലിലൂടെ കേരളത്തിലേക്ക് സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒരു ഭാഗത്തു പുരോഗമിക്കുമ്പോൾ തന്നെ കേരളത്തിലെ പിണറായി സർക്കാരിനെ എത്രയും പെട്ടെന്ന് താഴെ ഇറക്കുക എന്ന ലക്ഷ്യവുമായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് പ്രതിപക്ഷം. സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭയിൽ പ്രമേയം കൊണ്ടുവരാനും സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുമുള്ള ഇന്നലെ ചേർന്ന യു ഡി എഫ് നേതൃയോഗ തീരുമാനത്തിൽ നിന്നും ഇത് വ്യക്തമാണ്. കേസിലെ പ്രതികളയായ സന്ദീപ് നായരും സ്വപ്നയുമായി ബന്ധം ആരോപിച്ചാണ് സ്പീക്കർക്കെതിരെയുള്ള കരുനീക്കം. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ തന്നെ കീഴിൽ പ്രവർത്തിക്കുന്ന ഐ ടി വകുപ്പിന്റെ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പവും അതോടൊപ്പം തന്നെ അവർ ഐ ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കില്‍ ജോലി ചെയ്തിരുന്നുവെന്നതും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള അവിശ്വാസ പ്രമേയ നീക്കം. രണ്ടു പ്രമേയങ്ങൾ കൊണ്ടുവരാൻ യു ഡി എഫ് നേതൃയോഗത്തിൽ തീരുമാനം ആയെങ്കിലും അവ എന്ന് കൊണ്ടുവരണം എന്നത് തീരുമാനിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് വിടുകയാണ് ഉണ്ടായത്.

ADVERTISEMENT

എന്നാൽ പ്രതിപക്ഷത്തിന്റെ ഈ അടവുകളൊന്നും വിലപ്പോകില്ല എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ആത്മവിശ്വാസം മുഖ്യന്റെ വാക്കുകളിൽ മാത്രമല്ല ശരീര ഭാഷയിലും പ്രകടമാണുതാനും. സ്വർണ കള്ളക്കടത്തു കേസ് എൻ ഐ എ അന്വേഷിക്കുന്നുണ്ടെന്നും ആ അന്വേഷണം നല്ല നിലക്ക് തന്നെയാണ് പോകുന്നതെന്നും ഇനിയിപ്പോൾ തന്റെ ഓഫിസിലേക്കും അന്വേഷണം നീണ്ടാൽ അതിനെ ഭയക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെയും വ്യക്തമാക്കിയത്. സർക്കാരിനെതിരായ അവിശ്വാസ പ്രമേയ നീക്കത്തെ മുഖ്യമന്ത്രി അവഗണിച്ചത് നിലവിലെ അംഗബലം വെച്ച് പ്രതിപക്ഷത്തിന് ഒന്നും ചെയ്യാൻ ആവില്ല എന്നതുകൊണ്ട് കൂടിയാവണം. അതേസമയം സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിനെ മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി. അതൊരു നല്ല കീഴ്വഴക്കം അല്ലെന്നും പ്രത്യേക പരിരക്ഷയുള്ള പദവിയാണ് സ്പീക്കറുടേതുന്നും അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത കാലത്തു സ്വപ്നയോ സന്ദീപോ ആരോപണ വിധേയർ ആയിരുന്നില്ലെന്നും കൂടി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേരള നിയമസഭയുടെ തന്നെ ചരിത്രം പരിശോധിച്ചാൽ മുൻപും പലതവണ സ്പീക്കർമാർക്കെതിരെ പ്രമേയം വന്നിട്ടുണ്ടെന്ന് കാണാൻ കഴിയും. കൃത്യമായി പറഞ്ഞാൽ അഞ്ചു തവണ. സ്പീക്കർക്കെതിരായ പ്രമേയങ്ങൾ ഒന്നുകിൽ പിന്‍വലിക്കപ്പെടുകയോ അല്ലെങ്കിൽ പരാജയപ്പെടുകയോ ആണ് ഉണ്ടായിട്ടുള്ളത്. ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന വിഷയം മറ്റൊന്നാകയാൽ തല്ക്കാലം അതിന്റെ വിശദംശങ്ങളിലേക്കു തല്ക്കാലം കടക്കുന്നില്ല.

COMMENT ON NEWS

Please enter your comment!
Please enter your name here