റിലയൻസ് മേധാവി മുകേഷ് അംബാനി ലോകത്തെ ശതകോടീശ്വരന്മാരിൽ ആദ്യ പത്തിൽ ഇടം നേടി. ധനകാര്യ ഏജൻസിയായ ബ്ലൂംബർഗിന്റെ കണക്കുകൾ പ്രകാരം ആറാം സ്ഥാനത്താണ് അംബാനി. ഗൂഗിൾ സ്ഥാപകൻ ലാറി പേജ്, ടെസ്‌ല മേധാവി ഇലോൺ മസ്‌ക്, ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സ് എന്നിവരെയാണ് സമ്പത്തിൽ അംബാനി പിന്തള്ളിയത്. ആദ്യ പത്തിലെ ഒരേ ഒരു ഏഷ്യക്കാരനായും ഇതോടെ മുകേഷ് അംബാനി മാറി.

പട്ടികയിലെ ഒന്നാമൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ്. 184 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനാണ്(115 ബില്യൺ ഡോളർ). എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് (94.5 ബില്യൺ ഡോളർ), ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് (90.8 ബില്യൺ ഡോളർ), സ്റ്റീവ് ബൾമർ (74.6 ബില്യൺ ഡോളർ) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്.

ഇതിനോടൊപ്പം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരൻ കൂടിയായി മുകേഷ് അംബാനി മാറി. പട്ടികയിലെ ചൈനക്കാർ ആയ ടെൻസെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവർ അംബാനിയുടെ പിന്നിലായിരിക്കുകയാണ്. ഇന്ത്യയിൽ തന്റെ താഴെയുള്ള അഞ്ച് കോടീശ്വരന്മാരുടെ ആസ്തികൾ ചേർന്നാലും മുകേഷ് അംബാനിയുടെ ആസ്തിക്ക് ഒപ്പം എത്താത്ത സാഹചര്യമാണുള്ളത്.

ഈ മാസം 13നാണ് 2.17 ബില്യൺ ഡോളർ ഉയർന്ന് മുകേഷ് അംബാനിയുടെ ആസ്തി 72.4 ബില്യൺ ഡോളറായത്. ജിയോയിൽ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുടെ നിക്ഷേപം ഒഴുകിയെത്തിയതോടെയാണ് അംബാനിയുടെ ആസ്തി റോക്കറ്റ് പോലെ കുതിക്കാൻ തുടങ്ങിയത്. ഗൂഗിളും ജിയോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുവെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here