കുന്നംകുളം: കുന്നംകുളം നഗരസഭാ പ്രദേശത്തെ കണ്ടെയ്ൻമെൻറ് സോണുകളായ 6 വാർഡുകളിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കുന്നംകുളം നഗരസഭ. സർക്കാരിന്റെ പ്രോട്ടോകോൾ ലംഘിക്കുന്നവർക്കതിരെ നടപടിയെടുക്കാൻ കുന്നംകുളം പോലീസിനോട് നഗരസഭാധികൃതർ ആവശ്യപ്പെട്ടു. കടകമ്പോളങ്ങൾ നിർബന്ധിച്ച് അടപ്പിക്കില്ല. എന്നാൽ വരും ദിവസങ്ങളിൽ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെയും കൂട്ടം കൂടുന്നവരെയും ബുധനാഴ്ച പോലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. സോണുകളിൽ പ്രധാന വഴികൾ ഒഴികെ എല്ലാ വഴികളും അടച്ചിട്ടു. നഗരത്തിൽ ഉച്ചയ്ക്കു ശേഷം കടകൾ അടച്ചു. ബസ് സർവീസുകളും ഭാഗികമായി റദ്ദാക്കി
കണ്ടെയ്ൻമെന്റ് സോണുകളായ അയ്യപ്പത്ത് റോഡ് (10), ചെറുകുന്ന് (11), ഉരുളികുന്ന് (12), നെഹ്‌റു നഗർ (19), ശാന്തിനഗർ (20), പൊർക്കളേങ്ങാട് (25) എന്നിവിടങ്ങളിൽ അവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചത്. എന്നാൽ കണ്ടെയ്ൻമെൻറ് സോണിൽ പെടാത്തതും രോഗബാധിത മേഖലകളിലൊന്നുമായ കുന്നംകുളം നഗരസഭ ഓഫീസും അനുബന്ധ ഓഫീസുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു.

ആരോഗ്യ വിഭാഗം പ്രവർത്തകരടക്കം 4 പേർക്കാണ് നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 14 കുടുംബശ്രീ പ്രവർത്തകർക്കും കഴിഞ്ഞ ദിവസം സമ്പർക്ക രോഗബാധയുണ്ടായി. മുൻപ് നഗരസഭയിലെ താത്കാലിക ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭ പ്രദേശം ഉൾപ്പെടുന്ന വാർഡ് കണ്ടെയ്ൻമെന്റ് സോണിലായിരുന്നു.
നഗരസഭ അങ്കണത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഓഫീസ്, എൻ യു എം എൽ ഓഫീസ് എന്നിവയും അടച്ചിട്ടു. സുഭിക്ഷ കാന്റീൻ നേരത്തെ തന്നെ അടച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നഗരസഭയിലെ 7, 11, 15, 17, 22, 26, 33 വാർഡുകളെ കൂടി കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ജില്ലാ കളക്ടർക്ക് കത്തുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here