ആനവണ്ടിക്ക് പിന്നാലെ ഓടേണ്ട,വാട്സാപ്പിൽ നോക്കിയാൽ മതി…

ഗുരുവായൂർ: സ്ഥിരം യാത്രക്കാർക്കുവേണ്ടിയുള്ള കെ.എസ്.ആർ.ടി.സി.യുടെ ബോണ്ട് സർവീസ് വാട്സാപ്പ് കൂട്ടായ്മ ആരംഭിക്കുന്നു. ബസ് പുറപ്പെടുന്നതും എവിടെ എത്തിയെന്നും യാത്രക്കാർക്ക് യഥാസമയം പങ്കിടുന്നതിനാണിത്. ബോണ്ട് സർവീസ് കേരളത്തിലെ പല ഡിപ്പോകളിലും ഉണ്ടെങ്കിലും അതിലെ യാത്രക്കാർക്കായുള്ള വാട്സാപ്പ് ഗ്രൂപ്പ് ആദ്യമായാണ് ആരംഭിക്കുന്നതെന്ന് എ.ടി.ഒ. ഉദയകുമാർ പറഞ്ഞു. ഓരോ യാത്രക്കാരനും സ്ഥിരം ഒരു സീറ്റ് നമ്പർ ആയിരിക്കും.
നമ്പർ വാട്സാപ്പിലൂടെ അറിയിക്കും. യാത്രക്കാരൻ അഞ്ചുമിനിറ്റ് വൈകുകയാണെങ്കിൽ വിവരം വാട്സാപ്പിൽ അറിയിക്കാം. ബസ് ആ യാത്രക്കാരനെ കാത്തുനിൽക്കുമെന്നതാണ് പ്രത്യേകത. എല്ലാ കെ.എസ്.ആർ.ടി.സി. ബസുകൾക്കും നിർത്താൻ പൊതുവായ സ്റ്റോപ്പുകൾ ഉണ്ടാകും. എന്നാൽ, ബോണ്ട് സർവീസുകൾ യാത്രക്കാരൻ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കും.
ജോലിചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ നിർത്തിത്തരും. തിരിച്ച് കയറാനും യാത്രക്കാരന് അതേസ്ഥലത്തുതന്നെ നിന്നാൽ മതി. ഓഫീസ് സമയങ്ങൾ ക്രമീകരിച്ചാണ് ഈ സർവീസുകൾ ആരംഭിക്കുക. ഗുരുവായൂരിൽനിന്ന് പുറപ്പെട്ടാൽ ഇടയ്ക്ക് സ്റ്റോപ്പുകളില്ല. ഗുരുവായൂരിൽനിന്ന് എറണാകുളം, പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിലേക്കാണ് ബോണ്ട് സർവീസുകൾ ആരംഭിക്കുന്നത്.
ഒരു സർവീസിന് 40 പേർ വേണം. ഇപ്പോൾ അമ്പതോളം പേർ ബുക്ക് ചെയ്തിട്ടുണ്ട്. എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് നിത്യവും ജോലിക്ക് പോകുന്ന യാത്രക്കാർക്ക് ബോണ്ട് സർവീസ് സൗകര്യം പ്രയോജനപ്പെടുത്താം. ഇടയ്ക്ക് സ്റ്റോപ്പില്ലാത്തതുകൊണ്ട് യാത്രക്കാർക്ക് മടുപ്പില്ലാതെ ജോലിസ്ഥലങ്ങളിലെത്താം. മുൻകൂർ പണമടച്ചാൽ നിത്യവും യാത്രചെയ്യാനുള്ള കാർഡ് ലഭിക്കും. അതുകൊണ്ട് ദിവസവും ബസ് കൂലി കരുതേണ്ട. വൈകീട്ട് ജോലിസമയം കഴിഞ്ഞ് മടങ്ങാറായാൽ തങ്ങളുടെ ബസ് എവിടെയെത്തിയെന്ന് വാട്സാപ്പിലൂടെ യാത്രക്കാരന് ചോദിക്കാം. കണ്ടക്ടറോ ഗ്രൂപ്പംഗങ്ങളായ മറ്റ് യാത്രക്കാരോ വിവരമറിയിക്കും. നഗരത്തിന്റെ എവിടെനിന്നാണെങ്കിലും യാത്രക്കാരെ അവിടെ വന്ന് കയറ്റും. ബസിന്റെ പിന്നാലെ ഓടേണ്ടെന്ന് ചുരുക്കം.