മുംബൈ: കൊവിഡ് ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന് വേണ്ടി പ്രാർത്ഥനയോടെ സിനിമാലോകം. അമിതാഭ് ബച്ചന്റെയും മകൻ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരം. അതിനിടെ മഹാരാഷ്ട്ര രാജ്ഭവൻ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥീരികരിച്ചു. സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്.

ADVERTISEMENT

മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന്റെയും, അഭിഷേക് ബച്ചന്റെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മികച്ച ചികിത്സ ലഭിക്കുന്നതായി അമിതാഭ് ബച്ചൻ വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധി പേർ താരങ്ങൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ട്വീറ്റ് ചെയ്തു. എവിടെ നിന്നാണ് ഇരുവർക്കും രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. അഭിഷേക് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡബ്ബിംഗിനായി പോയികൊണ്ടിരുന്ന സ്റ്റുഡിയോ അടച്ചു. ഇരുവരും താമസിച്ചിരുന്ന മുംബൈയിലെ വസതി ബിഎംസി അണുനശീകരണം നടത്തി കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ജയ ബച്ചൻ, ഐശ്വര്യ റായ് എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്. നടൻ അനുപം ഖേറിന്റെ അമ്മയും സഹോദരനും അടക്കം നാലുപേർക്കും കൊവിഡ് പോസിറ്റീവായി. അതിനിടെ മഹാരാഷ്ട്ര രാജ്ഭവനിൽ 18 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗവർണർ ഭഗത് സിങ് കൊഷയാരി നീരിക്ഷണത്തിൽ പോയി. 2,46,600 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 223 മരിച്ചതോടെ മരണസംഖ്യ 10,116 ആയി

COMMENT ON NEWS

Please enter your comment!
Please enter your name here