സ്വർണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിരിക്കെ വിവാദങ്ങളുടെ പുകമറയുയർത്തുന്നവർ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് ദുരന്തകാലത്തുപോലും നാടിനെയും നാട്ടുകാരെയും കുരുതികൊടുത്തുകൊണ്ട് ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്ന ബി ജെ പി – യു ഡി എഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയും.

ADVERTISEMENT

സ്വർണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിയെ ഏൽപ്പിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനം കേസിൽ ഏതന്വേഷണവും ആകാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയാണ് അടിവരയിടുന്നത്. സ്വർണ്ണക്കടത്തിന്റെ ആസൂത്രകരെയും നടത്തിപ്പുകാരെയും ഗുണഭോക്താക്കളെയും അവരുടെ രക്ഷിതാക്കളെയും ഇതിലൂടെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. മറ്റുകള്ളക്കടത്ത് കേസുകളുടെ ഗതി ഈ കേസിനുണ്ടാകരുത്. എന്നു മാത്രമല്ല, മറ്റു കേസുകളുടെ പിന്നാമ്പുറങ്ങളിലേക്കുകൂടി ഇതിലൂടെ കടയ്ക്കാനാകണം.
ഈ സ്വർണ്ണക്കടത്ത് പുറത്തുവന്നയുടൻ പലർക്കുമെതിരെ വിരൽ ചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവർ ഏറെയാണ്. അവരെല്ലാം തെളിവുകൾ അന്വേഷകർക്ക് കൈമാറണം. യു എ പി എയിലെ 43 എഫ് അതിന് അവസരം നൽകുന്നു. കസ്റ്റംസ് അന്വേഷിക്കുമ്പോഴും സമാന അവസരം ഉണ്ടായിരുന്നു. അന്ന് അവർ അത് ചെയ്തില്ല ഇനിയെങ്കിലും അതിന് തയ്യാറാകണം. കള്ളതെളിവുനൽകിയാൽ ശിക്ഷയുണ്ട്. ഇനിയും തെളിവുകൾ നൽകാൻ ഇക്കുട്ടർ തയ്യറായില്ലെങ്കിൽ ഇവർ ഇതുവരെ വിളിച്ചുപറഞ്ഞതൊക്കെ കള്ളമായിരുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. സ്വർണ്ണക്കടത്ത് കേസ് ഉണ്ടായതുമുതൽ വിവാദം വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിച്ചവർക്ക് മറയ്ക്കാൻ പലതുമുണ്ടെന്ന് തെളിയുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്.

സ്വർണ്ണം കൊണ്ടുവന്ന നയതന്ത്ര ബാഗ് വിട്ടുകൊടുക്കാൻ ഇടപെട്ടത് സംഘപരിവാർ പ്രവർത്തകനായ ഒരു ക്ലിയറിംഗ് ഏജന്റാണ് എന്നത് നിസ്സാരമല്ല. ബാഗ് തടഞ്ഞുവച്ചാൽ പണിപോകും എന്ന് ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി. വിട്ടുകൊടുക്കില്ല എന്ന് കണ്ടപ്പോൾ ബാഗ് തിരിച്ചയക്കാനും സമ്മർദ്ദം ചെലുത്തി.

ഇതിനുപിന്നാലെയാണ് സ്വർണ്ണം കൊണ്ടുവന്നത് നയതന്ത്രബാഗിലല്ല എന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന വന്നത്. നയതന്ത്രബാഗ് ക്ലിയർ ചെയ്യാൻ ഏജന്റിന്റെ ആവശ്യമില്ല എന്നിട്ടും ബി എം എസ് നേതാവായ ക്ലിയറിംഗ് ഏജന്റ് അതിൽ ഇടപെട്ടു. സ്വർണ്ണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനകാരിലേക്കും വിരൽ ചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂകാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല.

ഇതിനുപിന്നാലെയാണ് സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണ് എന്ന എൻ ഐ എ യുടെ പ്രസ്താവന പുറത്തുവരുന്നത്. അതോടെ മുരളീധരൻ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രിയുടെ കസേരയിലിരിക്കുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കുന്നത് ഉത്തമമായിരിക്കും.

ഇതോടൊപ്പം പുറത്തുവന്ന മറ്റൊരുകാര്യംകൂടിയുണ്ട് കേസിലെ പ്രതി സ്വപ്നയുടെ വക്കാലത്ത് ഏറ്റിരിക്കുന്നത് സംഘപരിവാർ സംഘടനയായ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ നേതാവായ വക്കീലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഈ കേസിലെ പ്രതിയുടെ സംരക്ഷണത്തിന് രാജ്യസ്നേഹം പ്രസംഗിക്കുന്ന സംഘപരിവാർ സംഘടനയുടെ നേതാവുതന്നെ നേരിട്ടിറങ്ങിപുറപ്പെട്ടത് ശ്രദ്ധേയമാണ്. കള്ളൻ കപ്പലിൽ തന്നെയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. കുറ്റവാളികളുടെ കൂട്ടുകാർ തന്നെയാണ് കേരളത്തിൽ സ്വർണ്ണക്കടത്തിനെച്ചൊല്ലി രാഷ്ട്രീയ കൂക്കിവിളിയിലും കലാപശ്രമത്തിലും ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ ബി ജെ പിയും യു ഡി എഫും ഒറ്റക്കെട്ടാണ്.

കേരളത്തെ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ കൈമെയ് മറന്ന് അധ്വാനിക്കുകയും അതിൽ സാർവ്വദേശീയ മാതൃക സൃഷ്ട്ടിച്ചു തിളങ്ങിനിൽക്കുകയും ചെയ്യുന്ന സർക്കാരിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കാൻ ഇവർക്ക് കഴിയില്ല. ജനങ്ങളെല്ലാം കാണുന്നുണ്ട് സി പി ഐ (എം)ന്റെയും എൽ ഡി എഫിന്റെയും പിണറായി വിജയൻ മന്ത്രിസഭയുടെയും കരുത്ത് ജനവിശ്വാസമാണ്. വിവാദങ്ങളെ തള്ളിക്കളഞ്ഞ് ജനപിന്തുണയോടെ പാർടിയും മുന്നണിയും സർക്കാരും മുന്നോട്ടുപോകും.

COMMENT ON NEWS

Please enter your comment!
Please enter your name here