തിരുവനന്തപുരം: തിരുവനന്തപുരം കള്ളക്കടത്തു കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കോണ്‍ഗ്രസ്. സിബിഐയുടെ സ്വതന്ത്ര അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കള്ളക്കടത്തു കേസാണ് തിരുവനന്തപുരത്തേത്. ഇത് അന്വേഷിക്കാന്‍ ഏറ്റവും യോഗ്യമായ ഏജന്‍സി സിബിഐയാണ്. സിബിഐയ്ക്ക് സ്വതന്ത്രമായ അന്വേഷണത്തിന് അനുമതി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. രാജ്യാന്തര ബന്ധങ്ങള്‍ റോയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കള്ളക്കടത്തു കേസ് എന്‍ഐഎയെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിട്ടുള്ളത്. കേരളത്തിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ എന്‍ഐഎ ബന്ധങ്ങള്‍ മറക്കരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എ്ന്‍ഐഎയില്‍ സേവനം ചെയ്തിട്ടുള്ളയാളാണ് ബെഹറ.

എം ശിവശങ്കരന്‍ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ്. ശിവശങ്കരനെ കൈവെടിയാന്‍ മുഖ്യമന്ത്രിക്കാവില്ല. പറയുന്ന വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സിബിഐ അന്വേഷണത്തിനായി ശുപാര്‍ശ നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അതിനായി അടിയന്തരമായി മന്ത്രിസഭായോഗം ചേരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here