തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും ഇതിനാല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത്‌കോണ്‍ഗ്രസ്, യൂത്ത്‌ലീഗ്, യുവമോര്‍ച്ച സംഘടനകളാണ് പലയിടത്തും പോലീസുമായി ഏറ്റുമുട്ടിയത്. സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്.


മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വസതിയിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മമ്പറത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നേതൃത്വം നല്‍കി. പിണറായിയുടെ വസതിക്ക് അരകിലോമീറ്റര്‍ അകലെവെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ എം പി കെ സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷം പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിയുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ വലിയ തോതില്‍ കല്ലേറും നടത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കോഴിക്കോട് കലകടറേറ്റ് മാര്‍ച്ചിലേക്ക് മാര്‍ച്ചുമായെത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡും ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ യൂത്ത്‌ലീഗ്
സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കം 15 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പാലക്കാടും വയനാടും യൂത്ത്‌ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളമുണ്ടായി. കൊല്ലത്ത് കെ എസ് യു പ്രവര്‍ത്തകരും കോട്ടയത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു.


തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്റെ ഓഫീസിലേക്കായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സജീവ ബി ജെ പി പ്രവര്‍ത്തകന്‍ കൂടിയായ സന്ദീപിന്റെ ഓഫീസിലേക്കുള്ള ബി ജെ പി മാര്‍ച്ച് കയര്‍ ഉപയോഗിച്ച് വടംകെട്ടിയാണ് പോലീസ് തടഞ്ഞത്. തിരുവന്തപുരത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ പോലുമില്ലാതെയായിരുന്നു പോലീസ് മാര്‍ച്ച് തടഞ്ഞത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്ന അവസ്ഥയിലായിരുന്നു.
പ്രതിഷേധ പ്രകടനങ്ങള്‍ പല ജില്ലകളിലും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here