തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്.

രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച്‌ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവിടെ ഒരു ആശാവര്‍ക്കര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എ.ടി.എമ്മില്‍ എത്തിയ മറ്റൊരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാളില്‍ നിന്ന് ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ജൂണ്‍ 30 വരെ തുടക്കത്തില്‍ ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 41 പേരെ കുറിച്ച്‌ അന്വേഷണം തുടരുകയാണ്.

ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വലിയ അലംഭാവമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ മിക്ക എ.ടി.എമ്മുകളിലും സാനിറ്റൈസര്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here