ഉത്തര്‍പ്രദേശിലെ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വന്ന പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊന്ന കേസിലെ കൊടുംകുറ്റവാളിയാണ് വികാസ് ദുബെ‍.

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വികാസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകം, വധശ്രമം ഉൾപ്പെടെ അറുപതോളം കേസുകൾ ദുബെയുടെ പേരിലുണ്ട്. ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ദുബെയുടെ പത്തോളം അനുയായികൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 16 അംഗ പോലീസ് സംഘമാണ് വികാസ് ദുബെയെ പിടികൂടാനായി ബികാരു ഗ്രാമത്തിലെത്തിയത്.

രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിന് പിന്നാലെയാണ് ദുബെ കുറ്റകൃത്യങ്ങൾ ചെയ്യാന്‍ തുടങ്ങിയതെന്ന് ദുബെയുടെ അമ്മ സരളാദേവി പറയുകയുണ്ടായി. എംഎൽഎയാവാനാണ് മുൻമന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊന്നത്. താന്‍ മകനെ കണ്ടിട്ട് നാല് മാസത്തോളമായി. ഇളയ മകന്‍റെ കൂടെ ലഖ്നൌവിലാണ് താന്‍ താമസം. മകന്‍ കാരണം കുടുംബം പ്രശ്നങ്ങള്‍ നേരിടേണ്ടിവരികയാണെന്നും സരളാദേവി പറഞ്ഞു. മകനെ കൊന്നുകളഞ്ഞേക്കൂവെന്ന്‌ അമ്മ പറയുകയുണ്ടായി.

“അവൻ പൊലീസിന് മുന്‍പില്‍ കീഴടങ്ങണം. അത് നടന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പൊലീസ് അവനെ കൊല്ലണം. പോലീസിന് അവനെ പിടികൂടാൻ കഴിഞ്ഞാലും കൊന്നുകളയണം. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ്‌ ചെയ്തത്. അവന്‍ ശിക്ഷിക്കപ്പെടണം”- എന്നാണ് സരളാദേവി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here