ചാലക്കുടി: വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിക്ക് ജില്ലയിൽ തുടക്കം. ചാലക്കുടി റേഞ്ച് വിദ്യാവനത്തിൻറെ ഭാഗമായി മാള ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ വൃക്ഷ തൈകൾ നട്ടു. മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുബാഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജൂലായ് 1 മുതൽ ഏഴ് വരെ നടക്കുന്ന വന മഹോത്സവത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാവനം. വിവിധയിനം മരങ്ങളും സസ്യങ്ങളും സ്കൂൾ പരിസരത്തു വെച്ചു പിടിപ്പിച്ച് കാടിനെ കൂടുതലറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. കാട്ടിൽ പോകാതെ തന്നെ അവിടത്തെ സസ്യ ലഭ്യതയെക്കുറിച്ചു കുട്ടികൾക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സ്കൂളിനോട് ചേർന്നുള്ള അഞ്ചു സെന്റ് സ്ഥലത്തു മരങ്ങൾ വെച്ചു പിടിപ്പിക്കുന്നു. ചടങ്ങിൽ സ്കൂൾ മാനേജർ എ ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി തൃശൂർ ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.എം.പ്രഭു, ചാലക്കുടി റേഞ്ചേ ഫോറസ്റ്റ് ഓഫീസർ സുമു സ്കറിയ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. ആർ ജോസഫ്, സ്കൂൾ പ്രധാന അദ്ധ്യാപകൻ സി.എ .അഭിലാഷ്, പഞ്ചായത്ത് മെമ്പർ ആശ മനോജ്, പരിസ്ഥിതി പ്രവർത്തകൻ വി.കെ. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.