കൊച്ചി:ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ താന്‍ നിരപരധിയെന്ന് സ്വപ്‌ന സുരേഷ്. ഇന്നലെ രാത്രി വൈകി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയിലാണ് സ്വപ്‌ന സുരേഷ് തന്റെ വാദം നിരത്തുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.സ്വര്‍ണക്കടത്തുമായി തനിക്ക് യൊതാരു ബന്ധവുമില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറെടുക്കുന്നത്.നേരത്തെ താന്‍ യു എ ഇ കോണ്‍സുലേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു.പിന്നീട് താന്‍ കോണ്‍സുലേറ്റില്‍ നിന്നും പോന്നു.

ADVERTISEMENT

തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു ശേഷവും പല ഘട്ടങ്ങളിലും കോണ്‍സുലേറ്റ് തന്റെ സഹായം സൗജന്യമായി തേടിയിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗ്സ്ഥന്‍ മടങ്ങിപോയിരുന്നു. ഈ സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ബാഗ് വിട്ടു കിട്ടാന്‍ വൈകുന്നത് സംബന്ധിച്ച്‌ അന്വേഷിക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും നിര്‍ദേശിച്ച അടിസ്ഥാനത്തിലാണ് താന്‍ അവരെ ബന്ധപ്പെട്ടതെന്നും എന്തുകൊണ്ടാണ് ബാഗ് കൈമാറാത്തതെന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്‌ന സുരേഷ് തന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നും തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് വിലക്കണമെന്നും സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here