മാസ്കും സാനിറ്റൈസറും ഒഴിച്ചു കൂടാനാവാത്ത കോവിഡ് കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. എവിടെ നോക്കിയാലും മാസ്ക് വച്ച് മുഖങ്ങള്‍ മാത്രം. എന്നാലീ മാസ്ക് കഴിക്കാന്‍ പറ്റുമോ എന്ന് തമിഴന്‍മാരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും കറുമുറെ തിന്നാമെന്ന്. കാരണം മാസ്ക് രൂപത്തിലുള്ള നല്ല മൊരിഞ്ഞ പെറോട്ടകള്‍ മധുരയിലെ റസ്റ്റോറന്‍റുകളില്‍ രുചിയുടെ മേളം തീര്‍ക്കുകയാണ്. രുചി കൊണ്ടും രൂപം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മാസ്ക് പെറോട്ടകള്‍.

ADVERTISEMENT

മധുരയിലെ ‘ടെമ്പിള്‍ സിറ്റി’ എന്ന റസ്റ്റോറന്‍റില്‍ നിന്നാണ് മാസ്ക് പെറോട്ടയുടെ ജനനം. ടെമ്പിള്‍ സിറ്റിയുടെ കീഴില്‍ നിരവധി റസ്റ്റോറന്‍റുകള്‍ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. കോവിഡ് ബോധവത്ക്കരണം തന്നെയാണ് മാസ്ക് പൊറോട്ട കൊണ്ട് ലക്ഷ്യമാക്കുന്നത്. രണ്ട് പെറോട്ടയും കുറച്ചു കറിയും ചേര്‍ന്ന ഒരു സെറ്റിന് 40 രൂപയായിരുന്നു വില. ആവശ്യക്കാര്‍ കൂടിയപ്പോള്‍ 50 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഈ മാസ്ക് മുഖത്ത് വയ്ക്കാന്‍ പറ്റില്ല, പക്ഷെ കഴിക്കാം; വൈറലായി മാസ്ക് പെറോട്ട
സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും മാസ്ക് വയ്ക്കുന്നതിന്‍റെയും പ്രാധാന്യം ജനങ്ങളിലെക്കെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടെമ്പിള്‍ സിറ്റി ശൃംഖലയുടെ ഉടമ കെ.എല്‍ കുമാര്‍ പറഞ്ഞു. മുന്‍പ് ആളുകള്‍ മാസ്ക് വയ്ക്കാതെ ഹോട്ടലില്‍ വരുമായിരുന്നു. ഇപ്പോള്‍ മാസ്ക് വച്ചാണ് മാസ്ക് പെറോട്ട വാങ്ങാന്‍ വരുന്നതെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഹോട്ടലിലെ പ്രധാന പെറോട്ടയടിക്കാരനായ എസ്.സതീഷാണ് പെറോട്ടക്ക് മാസ്ക് രൂപം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മൈദ, ഡാല്‍ഡ, യീസ്റ്റ്, മുട്ട, പഞ്ചസാര തുടങ്ങിയ പതിവ് ചേരുവകള്‍ തന്നെയാണ് മാസ്ക് പെറോട്ടക്കും ഉപയോഗിക്കുന്നത്. കുഴക്കുന്നതിലും പരത്തുന്നതിലുമാണ് പ്രാധാന്യം. പല തരത്തിലുള്ള മാസ്ക് പെറോട്ടകള്‍ സതീഷ് ഉണ്ടാക്കാറുണ്ട്. മഹാമാരിയുടെ സമയത്ത് പെറോട്ടയിലൂടെ ബോധവത്ക്കരണം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സതീഷ് പറയുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലെ ഭക്ഷണപ്രേമികളുടെ താരമായി മാറിയിട്ടുണ്ട് മാസ്ക് പെറോട്ട. ഫോറസ്റ്റ് ഓഫീസറായ സുധാ രാമനും കഴിഞ്ഞ ദിവസം മാസ്ക് പെറോട്ടയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ശരിക്കും വ്യത്യസ്തമായ ബോധവത്ക്കരണമാണ് മാസ്ക് പെറോട്ടയെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. ബോധവത്ക്കരണം നല്ലത് തന്നെ പക്ഷെ ഈ പെറോട്ടകള്‍ നമ്മുടെ വയറിന് ദോഷകരമാകുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here