തിരുവനന്തപുരം: വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും നയതന്ത്ര പ്രതിനിധി എന്ന പേരും സ്വപ്‌ന സുരേഷിന് നേടിക്കൊടുത്തത് ഭരണസിരാ കേന്ദ്രത്തിൽ ഉന്നതരുമായുള്ള അടുത്ത ബന്ധം. പിണറായിയുടെ എല്ലാ സ്വപ്‌ന പദ്ധതികളുടെയും മുന്നിൽ സ്വപ്‌ന സുരേഷായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് സ്വപ്‌ന. ആഡംബര വാഹനങ്ങളും ആർഭാട ജീവിതവും സ്വപ്‌ന ഏറെ ഇഷ്ടപ്പെട്ടു. നഗരത്തിലെ നിശാ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഉന്നതരുടെ മുന്നിൽ മദ്യപിച്ച് നൃത്തച്ചുവടു വെക്കുന്നതും ഇവരുടെ പതിവാണ്. 
നെയ്യാറ്റിൻകാര രാമപുരം എന്ന ഗ്രാമപ്രദേശത്തു നിന്നും സ്വപ്‌ന സുരേഷിന്റെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. നിരവധി വിവാദങ്ങളിൽ സ്വപ്‌ന ഉൾപ്പെട്ടെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇതെല്ലാം തേച്ചുമായ്ച്ചു. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾക്ക് കേസുകൾ പോലീസ് സ്റ്റേഷനുകളിലുണ്ട്. ഒന്നിലധികം വിവാഹം കഴിച്ച സ്വപ്‌നയുടെ അച്ഛന്റെ പേരും ഇപ്പോഴത്തെ ഭർത്താവിന്റെ പേരും സുരേഷ് എന്നാണ്.
സർക്കാരിന്റെ, പിണറായിയുടെ പല സ്വപ്‌ന പദ്ധതികളുടെയും മുന്നിൽ സ്വപ്‌ന സുരേഷായിരുന്നു. ഷാർജാ ഭരണാധികാരി കേരളത്തിൽ വന്നപ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്കൊപ്പം നിന്നു. ലോക കേരള സഭയുടെ നടത്തിപ്പിൽ പങ്കാളിയായി. അതുവഴി നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനുമായി അടുത്ത ബന്ധം ഉണ്ടായി. സ്വപ്‌നയുടെ സ്റ്റാർട്ടപ്പ് കമ്പനിയുടെ ഉദ്ഘാടനം നടത്തിയത് ശ്രീരാമകൃഷ്ണനാണ്.

ADVERTISEMENT

തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. അതുകൊണ്ടു തന്നെ സ്വപ്‌ന സുരേഷ് ജനിച്ചതും വളർന്നതും അവിടെയാണ്. അറബിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യും. അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് മകളുമായി 2010 ന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി. ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായി. 2013 ലാണ് എയർ ഇന്ത്യ സാറ്റ്‌സിൽ ജോലി ലഭിക്കുന്നത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടു പിന്നാലെ അബുദാബിയിലേയ്ക്കു തിരിച്ചു മടങ്ങി. യു.എ.ഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. ഓഡിറ്റിൽ ക്രമക്കേട് നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇവരെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. എന്നാലും കോൺസുലേറ്റിലെ ഉന്നതരുമായുള്ള ബന്ധം തുടർന്നു. സ്ഥാനം തെറിച്ച് ദിവസങ്ങൾക്കകം തന്നെ സംസ്ഥാന ഐ.ടി വകുപ്പിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനത്തിൽ സ്വപ്‌ന പ്രവേശിച്ചു എന്നത് ശ്രദ്ധേയമാണ്. 
എയർ ഇന്ത്യയുടെ രണ്ട് ജീവനക്കാർക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നൽകിയതിനെതിരെ പോലീസ് കേസുണ്ട്. മറ്റൊരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ നൽകും. കൊറോണ രോഗികളുടെ വിശദാംശങ്ങൾ വിശകലനം ചെയ്യാൻ വിദേശ കമ്പനിയായ സ്പ്രിംഗ്ലറിനു കരാർ നൽകിയതിനു പിന്നിലും സ്വപ്‌ന സുരേഷിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ നിരവധി മറ്റു കേസുകളിലും സ്വപ്‌ന പ്രതിയാണ്. 

ഐ.ടി വകുപ്പിൽ ഉന്നത തസ്തികയിൽ ജോലി ചെയ്യുമ്പോഴും യു.എ.ഇ കോൺസുലേറ്റിലെ ഇടപെടൽ സ്വപ്‌ന തുടർന്നു. പൂജപ്പുര മുടവന്മുകളിലാണ് നേരത്തേ താമസിച്ചിരുന്നത്. അവിടത്തെ ഫഌറ്റിൽ താമസിക്കുമ്പോൾ ഐ.ടി സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നു. സ്വപ്‌നയുടെ ഇപ്പോഴത്തെ ഭർത്താവ് സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവമുണ്ടായതോടെ ഇവിടെ നിന്ന് താമസം മാറ്റി. പിന്നീട് വട്ടിയൂർക്കാവിലും ഇപ്പോൾ അമ്പലമുക്കിലുമാണ് താമസം.

COMMENT ON NEWS

Please enter your comment!
Please enter your name here