തൃശ്ശൂർ : ജലനിരപ്പ് ഉയർന്നതോടെ തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാൻ തുടങ്ങി. പുലർച്ചെ നാലുമണിക്ക് ജലനിരപ്പ് 419.41 മീറ്ററിലേക്ക് എത്തിയപ്പോഴാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടത്. 7 സ്പിൽവേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ശക്തമായ മഴയെ തുടർന്നുള്ള നീരൊഴുക്ക് മൂലം പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തൃശൂർ ജില്ലാ കളക്ടർ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ഡാമിലെ ഷട്ടറുകൾ തുറന്നുവെച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കളക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ചാലക്കുടി പുഴയിൽ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമുണ്ടാവും. പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തി. കർശന സുരക്ഷയും ഒരുക്കും. അടിയന്തിര സാഹചര്യം നേരിടുന്നതിന് റൂറൽ, സിറ്റി ജില്ലാ പോലീസ് മേധാവികൾക്കും ചാലക്കുടി, വാഴച്ചാൽ ഡി.എഫ്.ഒമാർക്കും ജില്ലാ ഫയർ ഓഫീസർക്കും നിർദേശം നൽകി.

ADVERTISEMENT

പുഴയിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ചാലക്കുടി നഗരസഭാ സെക്രട്ടറിക്കും അതിരിപ്പിള്ളി, പരിയാരം, മേലൂർ, കാടുകുറ്റി, അന്നമനട, കുഴൂർ, കൊരട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകി. കോവിഡ്-19 മാനദണ്ഡമനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ തഹസിൽദാർമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരായിരിക്കുമെന്നും ഉത്തരവിൽ കളക്ടർ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here