തിരുവനന്തപുരം: ഇന്ത്യയിലെയും യു.എ.ഇയിലെയും നയതന്ത്രസ്വാധീനമുപയോഗിച്ച്‌ 15 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയ സംഭവത്തില്‍ വമ്പന്‍മാര്‍ക്കു പങ്ക്. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാര സംസ്ഥാന ഐ.ടി. വകുപ്പിനു കീഴിലുള്ള സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസറായിരുന്ന സ്വപ്‌ന സുരേഷാ(38)ണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.ഉന്നതബന്ധമുള്ള ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) തെരയുന്നു.

ADVERTISEMENT

അതേസമയം, സ്വപ്‌നയെ ഐ.ടി. വകുപ്പില്‍നിന്നു തിടുക്കത്തില്‍ പുറത്താക്കിയിരുന്നു. ”ഇ-മൊബിലിറ്റി” പദ്ധതിയിലൂടെ സര്‍ക്കാരിനെ വിവാദത്തിലാക്കിയ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് മുഖേനയായിരുന്നു നിയമനം. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ തങ്ങളുടെ സുഹൃദ്‌വലയത്തിലുണ്ടെന്നു സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത യു.എ.ഇ. കോണ്‍സലേറ്റ് മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സരിത്ത് മൊഴിനല്‍കി.16 തവണ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്തി.

പുതുതായി ഐ.ടി. ഹബ് തുടങ്ങാനാണു സ്വര്‍ണക്കടത്തെന്നു സ്വപ്‌ന തന്നോടു പറഞ്ഞതായും സരിത്ത് വെളിപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളടക്കം സരിത്തിന്റെ മൊഴിയിലുണ്ടെന്നാണു സൂചന. സരിത്തിനെ എന്‍.ഐ.എ, റോ, ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ സംയുക്തമായാണു ചോദ്യംചെയ്തത്.ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത ഡി.ആര്‍.ഐ. നിരവധി രേഖകള്‍ കണ്ടെടുത്തു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍സ്രാവുകളുണ്ടെന്ന വിവരത്തേത്തുടര്‍ന്ന് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തേക്കും.

ശിവശങ്കറിനെ ഉള്‍പ്പെടെ ചോദ്യംചെയ്യുമെന്നാണു സൂചന. കേരളത്തിലും യു.എ.ഇയിലുമടക്കം വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്തുസംഘം ഇതിനകം 200 കോടിയുടെ സ്വര്‍ണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here