കോവിഡ് കാലത്ത് ആഘോഷാരവങ്ങള്‍ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ പിറന്നാള്‍ .എങ്കിലും, പതിവുള്ള അമ്ബലപ്പുഴ പാല്‍പ്പായസം ഇത്തവണയുമുണ്ട്. ചൊവ്വാഴ്ച മിഥുനമാസത്തിലെ തിരുവോണനാളില്‍ നൂറ്റിരണ്ടാം വയസ്സിലേക്ക്
കടക്കുമ്ബോഴും അവരുടെ പ്രകൃതത്തിന് ഒരു മാറ്റവുമില്ല. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവ് . സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്ബത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ നേതാക്കളില്‍ ഒരാള്‍ . ഇന്നും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന വ്യകതിത്വം.

അനീതിയോടും ജന്മിത്വത്തോടും സ്ത്രീവിവേചനത്തോടുമെല്ലാം കലഹിച്ച ഗൗരിയമ്മ , ഇന്ന് വാര്‍ദ്ധക്യത്്തിന്റെ നിറവില്‍ രാഷ്ട്രീയമൊന്നുമില്ലാതെ വീടിനകത്തും മുറ്റത്തുമായി ഒതുങ്ങി കൂടുകയാണ്.റിവേഴ്‌സ് ക്വാറന്റീനിലായതിനാല്‍ പുറത്തേക്കിറങ്ങാറില്ല, സന്ദര്‍ശകരെ അനുവദിക്കാറുമില്ല. എങ്കിലും ഇടയ്ക്ക് ആലപ്പുഴ ചാത്തനാട്ടെ കളത്തില്‍പറമ്ബില്‍ വീടിന്റെ മുറ്റത്തേക്കിറങ്ങും.കഴിഞ്ഞ സെപ്റ്റംബറില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുറച്ചുനാള്‍ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര.

വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന പല ശീലങ്ങളും നിലച്ചു. . മനസ്സിനൊത്ത് ശരീരമെത്താത്തതുതന്നെയാണ് അതിന് പിന്നില്‍ . സഹോദരി ഭാരതിയുടെ മകള്‍ ഇന്‍ഡസ് ആണ് വീട്ടില്‍ ഇപ്പോള്‍ സഹായത്തിനുള്ളത്. രാവിലെ അല്‍പം ഓട്‌സ്, ഒരു ഇഡ്ഡലി. ഉച്ചയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചോറ്, വറുത്ത മീന്‍ ഉണ്ടെങ്കില്‍ സന്തോഷം. കുറച്ചു പച്ചക്കറി. വൈകിട്ട് ഓട്‌സ്. ഗൗരിയമ്മയുടെ ആഹാരവിശേഷം ഇത്രമാത്രം.

1957-ല്‍ ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായ ഗൗരിയമ്മ 93-ാം വയസ്സില്‍ പി. തിലോത്തമനോട് പരാജയപ്പെടുംവരെ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നില്ല .അമ്ബത്തിയഞ്ചോ അറുപതോ വയസ്സെത്തി ജോലിയില്‍നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ ജീവിതമവസാനിച്ചുവെന്നു കരുതുന്നവരെ വിസ്മയിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമ .

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്ബില്‍ കെ. എ. രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-ന് ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ. ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.

1953-ലും 1954-ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്ബൂതിരിപ്പാടിന്റെ നേതൃത്വത്തില്‍, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവില്‍ വന്ന മന്ത്രിസഭയിലും അംഗമായി.

1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവര്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലന്‍സ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം നല്‍കി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയില്‍ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചതും നടപ്പില്‍ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പില്‍ക്കാല സാമ്ബത്തിക-സാമൂഹ്യചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ഈ ബില്ലുകള്‍ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുന്‍ ഗവണ്‍മെന്‍റ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലില്‍ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികള്‍ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തില്‍ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ

LEAVE A REPLY

Please enter your comment!
Please enter your name here