തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജനിച്ചതും വളര്‍ന്നതും അബുദാബിയിൽ. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്തായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേര്‍പിരിഞ്ഞു. 2010-ന് ശേഷമാണ് മകളുമായി തിരുവന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കുശേഷം എയര്‍ ഇന്ത്യാ സാറ്റ്സില്‍ പരിശീലനവിഭാഗത്തില്‍ ജോലി കിട്ടി. 2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. പിന്നെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു.

കോണ്‍സുലേറ്റിലെ ഉന്നത സ്വാധീനം സര്‍ക്കാര്‍ പരിപാടികളില്‍ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളര്‍ത്തിയെടുത്തു. അപ്പോഴേക്ക് സരിത്തിനെയും കൂട്ടാളിയാക്കി. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. റെഡ് ബുള്‍ ആയിരുന്നു ഇഷ്ട പാനിയം. രാത്രികളിലെ മദ്യപാന പാര്‍ട്ടികളിലുംതാരമായി. അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വപ്ന കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗമായിരുന്നു. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രോജക്‌ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശയിലായിരുന്നു നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here