തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും. ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരിയായിരുന്നപ്പോള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രാവശ്യം ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിചേര്‍ക്കാന്‍ തീരുമാനമായത്.

അതേസമയം, സ്വപ്നയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടന്‍ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൌസ് കൂപ്പര്‍ കമ്പനിയുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ കമ്പനിയുടെ റഫറന്‍സ് വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്നും അഭ്യൂഹമുണ്ട്. സ്വപ്നയ്ക്ക് കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം മെയ് മാസത്തില്‍ സൂചന നല്‍കിയിരുന്നതായാണ് വിവരം.

സ്വര്‍ണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ് അറിയിച്ചു. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍ മനേജരായിരുന്ന സ്വപ്ന നേരത്തെ യു.എ.ഇ കോണ്‍സുലേറ്റിലും ജോലി ചെയ്തിരുന്നു. താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ ടി വകുപ്പ് അറിയിച്ചു.

കസ്റ്റഡിയിലുള്ള മുന്‍ പി.ആര്‍.ഒ. സരിത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജ തിരിച്ചറിയില്‍ കാര്‍ഡുണ്ടാക്കി ഇതുവഴിയാണ് സരിത് സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഞായറാഴ്ചയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

സ്റ്റീല്‍ പൈപ്പുകള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here