തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ തിരുവനന്തപുരം വിമാനത്താളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും ആരോപണവുമായി രംഗത്തെത്തി. ഇതോടെ സ്വര്‍ണക്കടത്ത് കേസിന് രാഷ്ട്രീയ മാനം കൈവന്നു.
ഞായറാഴ്ച ദുബൈ വിമാനത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ ബാഗിലാണ് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതന് 13.5 കോടി രൂപയാണ് മതിപ്പ് വില. ഡിപ്ലോമാറ്റിക് ബാഗുകളില്‍ സാധാരണ വലിയ പരിശോധന നടക്കാറില്ല. സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കംസ്റ്റസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേശ് പാര്‍ക്കില്‍ മാര്‍ക്കറ്റിങ് ലെയ്സന്‍ ഓഫീസറായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത സ്വപ്ന സുരേഷിനെ പിരിച്ചുവിടുകയും ചെയ്തു. സ്വര്‍ക്കടത്തില്‍ ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിരിച്ചുവിടല്‍ നടപടി. സ്വര്‍ണ പിടിച്ചെടുത്തപ്പോള്‍ കേസ് ഒഴിവാക്കുന്നതിന് സ്വപ്ന ഇടപെട്ടു എന്നാണ് ആരോപണം.
ഇതിനൊപ്പമാണ് സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരെ ആരോപണം ഉയര്‍ന്നത്. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവരുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
അതിന് തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ആസൂത്രക സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം എന്നും മുല്ലപ്പള്ളി ആരോപിച്ചു. തെളിവ് സഹിതം പിടികൂടിയപ്പോള്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് തടിയൂരാനാണ് സര്‍ക്കാരിന്റെ ശ്രമം. ഏതാനും മാസങ്ങളായി നടക്കുന്ന അനധികൃത സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍. സ്വര്‍ണ്ണക്കടത്തുകാരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സിപിഎം നേതാക്കള്‍. ഇതിന് മുമ്ബ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് സിപിഎമ്മുമായുള്ള ബന്ധം പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും എന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വപ്ന സുരേഷിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചു. . മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരാണ്
സ്വപ്ന സുരേഷ് എന്ന് സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍-ഐ.ടി സെക്രട്ടറി ശിവശങ്കരനുമായി അടുത്ത
ബന്ധമുണ്ടെന്നും കെ സുരേന്ദ്രന് ആരോപിച്ചു.