തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല. സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന മുടവന്‍ മുകളിലെ അപാര്‍ട്മെന്റില്‍ ഐ.ടി സെക്രട്ടറി ശിവശങ്കരന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്.

മദ്യപിച്ചു പലപ്പോഴും അര്‍ദ്ധരാത്രി വരെ ശിവശങ്കരന്‍ സ്വപ്നനയുടെ ഫ്ലാറ്റില്‍ ഉണ്ടാകാറുണ്ടെന്നാണ് ആക്ഷേപം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ സ്വപ്‌ന സുരേഷിന്റെ കേസിലെ പങ്കാളിത്തത്തെ കുറിച്ച്‌ കസ്റ്റംസ് അന്വേഷിച്ചു വരികയാണ്. ഇതിന് പിന്നാലെയാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ കെഎസ്‌ഐടിഐഎല്ലിന്റെ ഭാഗമായ സ്‌പേസ് പാര്‍ക്കില്‍ നിന്നും സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടത്. അതേസമയം സംഭവത്തിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവില്‍ പോയി.

ഇവരെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷാണ് എന്നാണ് സൂചന. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്‌ന സുരേഷിന് ഉന്നതതലത്തില്‍ ബന്ധങ്ങളുണ്ടെന്നാണ് വിവരം. അതേസമയം പ്രൈസ് വാട്ടര്‍കൂപ്പേഴ്‌സ് മുഖേനയാണ് ഇവരെ നിയമിച്ചത് എന്ന ആരോപണം ഐടി വകുപ്പ് തളളി.

ഇവര്‍ ഐടി വകുപ്പിന് കീഴിലുളള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരി മാത്രമാണ്. സ്വകാര്യ ഏജന്‍സി നല്‍കിയ പ്രഫഷണല്‍ റഫറന്‍സ് അനുസരിച്ചാണ് ഇവര്‍ക്ക് നിയമനം നല്‍കിയതെന്നും ഐടി വകുപ്പ് വിശദീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here