തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികളാണ് ആദ്യം മുതല്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലസ്ഥാന നഗരിയായതിനാല്‍ പല ജില്ലകളിലുമുള്ള ആളുകള്‍ തിങ്ങിപാര്‍ക്കുന്ന നഗരമാണ് തിരുവനന്തപുരം. അതോടൊപ്പം തമിഴ്നാടിനോട് ചേര്‍ന്ന ജില്ലയും. തമിഴ്നാട്ടില്‍ നിന്നും കച്ചവടത്തിനും ചികിത്സയ്ക്കായും നിരവധിയാളുകള്‍ വരാറുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലും കുറവ് രോഗികളായിരുന്നു തിരുവനന്തപുരത്ത് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
മെയ് മൂന്നുവരെ 17 പേര്‍ക്കായിരുന്നു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 12 പേര് കേരളത്തിന് പുറത്ത് നിന്ന് വന്നതും അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതുമായിരുന്നു. എന്നാല്‍ മെയ് നാല് മുതല്‍ ഇതുവരെ 277 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ രോഗം ബാധിച്ചത്. അതില്‍ 216 പേര് കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അടുത്തിടെ മണക്കാട്, പൂന്തുറ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിനിടെ പാളയം സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനും ഭക്ഷണ വിതരണക്കാരനും സെക്രട്ടേറിയറ്റ് ഗേറ്റില്‍ ജോലി ചെയ്തിരുന്ന പൊലീസുകാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നായിരുന്നു നിരന്തരം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായാണ് കണ്ടെത്തിയത്. അതില്‍ പലതിന്റെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വളരെയേറെ ഓഫീസുകളും സെക്രട്ടേറിയറ്റും ഉള്ള തിരുവനന്തപുരത്ത് പല സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് രോഗം വന്നാല്‍ വളരെ പെട്ടെന്ന് പല സ്ഥലങ്ങളിലേക്ക് വ്യാപിക്കും. ഇപ്പോള്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൈവിട്ടെന്നു വരും. അതിനാലാണ് സമൂഹ വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ട്രിപ്പിള്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചത്.
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടപ്പിലാക്കിയത്. പൂന്തുറയിലെ മത്സ്യക്കച്ചവടക്കാരനില്‍ നിന്ന് ഒന്‍പത് പേര്‍ക്കാണ് രോഗം ബാധിച്ചത്. അവരില്‍ നിന്ന് മറ്റ് പലര്‍ക്കും രോഗം പകര്‍ന്നു. തുടര്‍ച്ചയായി മത്സ്യം വാങ്ങിക്കൊണ്ട് പല സ്ഥലത്തേക്ക് പോയ വ്യക്തി പലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ രോഗം ബാധിച്ചവരെ കണ്ടെത്താന്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട്.
പൂന്തുറ, വലിയതുറ, ഫോര്‍ട്ട്, ആറ്റുകാല്‍, മണക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഇതില്‍ കുറച്ചുപേര്‍ക്ക് പോസിറ്റീവായതിനാല്‍ അവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. അല്ലാത്തവരെ ക്വാറന്റീനിലും ആക്കി. ഈ മേഖലയില്‍ രോഗ ലക്ഷണങ്ങള്‍ കാണുന്ന എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനിച്ചു. മെഡിക്കല്‍ റെപ്രസന്റേറ്റീവ്, മത്സ്യക്കച്ചവടക്കാര്, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു