കോഴിക്കോട്: കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വ്യാപാരികള്‍ വീഴ്ച വരുത്തിയാല്‍ മുന്നറിയിപ്പില്ലാതെ സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടി മാര്‍ക്കറ്റും അടച്ചിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. വിമാനത്താവള മാത്യകയിലുള്ള സുരക്ഷ റെയില്‍വേ സ്‌റ്റേഷനിലും ഏര്‍പ്പെടുത്തി. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ നിന്ന് ശേഖരിച്ച സ്രവ പരിശോധനയുടെ കൂടുതല്‍ റിസല്‍ട്ട് നാളെ ലഭിക്കും.

കോഴിക്കോട് ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്‍ കൃഷ്ണന്‍ ജോലി ചെയ്ത ഫ്‌ളാറ്റിലെ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇനി 5 പേരുടെ പരിശോധന ഫലങ്ങള്‍ കൂടെ ഔദ്യോഗികമായി പുറത്ത് വരാനുണ്ട്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവയും പോസിറ്റീവ് ആണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക് പോവുന്നത്. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ക്ക് കൂടുതല്‍ പേരുമായി സമ്പര്‍ക്കമുള്ളതായാണ് സംശയം.

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിന്ന് ശേഖരിച്ച കൂടുതല്‍ സ്രവങ്ങളുട റിസല്‍ട്ട് നാളെ ലഭിക്കും. വ്യാപാരിക്ക് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലബാറിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ വലിയങ്ങാടിയില്‍ കടുത്ത നിയന്ത്രണം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താനുള്ള ചുമതല പൊലീസിന് നല്‍കി. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ പോലും നടത്താതെ മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും മാര്‍ക്കറ്റുകളിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here