കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചിട്ടുണ്ട്.. പുതിയ നിഗമനപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നാണ് ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരാണ് ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. ‌

എന്നാല്‍ ഇതേക്കുറിച്ചു ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ വസ്തുതാപരമായി ബോധ്യപ്പെട്ടിട്ടില്ലെന്ന നിലപാടിലാണു ഡബ്ല്യുഎച്ച്ഒ. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇതു സംബന്ധിച്ചു ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ വിഭാഗം ടെക്‌നിക്കല്‍ മേധാവി ഡോ. ബെന്‍ഡേറ്റാ അല്ലെഗ്രാന്‍സി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here