തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ഡാമിൽ വെള്ളത്തിന്റെ അളവ് 417 മീറ്റർ എത്തിയതിന് തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 418 മീറ്റർ എത്തിയാൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുകയുള്ളൂ എന്നു ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 43.44 ശതമാനം വെള്ളം ഇപ്പോൾ ഡാമിലുണ്ട്. രാവിലെ ഏഴ് മണിവരെ വൃഷ്ടിപ്രദേശത്ത് 28 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഡാമിൽ ഏഴ് സ്പിൽവേ ഗേറ്റുകൾ ഇപ്പോൾ തുറന്നിട്ടുണ്ട്. എന്നാൽ, ജലനിരപ്പ് 419.40 മീറ്ററായാലാണ് സ്പിൽവേ ഗേറ്റുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുക.
419 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 424 മീറ്ററാണ് ഫുൾ റിസർവോയർ ലെവൽ.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചാൽ സെക്കൻഡിൽ 200 മീറ്റർ ക്യൂബ് വേഗതയിൽ സ്പിൽവേയിലൂടെ നിയന്ത്രിതമായി വെള്ളം ഒഴുക്കും. റെഡ് അലേർട്ട് പുറപ്പെടുവിച്ചാൽ സെക്കൻഡിൽ 200 മീറ്റർ ക്യൂബിൽ കൂടുതൽ വേഗതയിലാവും വെള്ളം ഒഴുക്കുക. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം മാത്രമാണ് ഈ അലേർട്ടുകൾ പുറപ്പെടുവിക്കുക. ചാലക്കുടി പുഴയോരവാസികൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ പുഴയിലേയ്ക്ക് വെള്ളം ഒഴുക്കൂ. ഡാമിലെ വെള്ളം ഉപയോഗിച്ച് ഇപ്പോൾ വൈദ്യുതി ഉൽപാദനം നടത്തുന്നുണ്ട്.
പെരിങ്ങൽക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാർ ഡാമിൽ 2590.5 അടിയാണ് ജൂലൈ നാലിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 2583.6 അടി ആയിരുന്നു. 37 മില്ലി മീറ്ററാണ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജൂലൈ നാലിന് രാവിലെ ഏഴ് മണി വരെ പെയ്ത മഴ. ആകെ സംഭരണ ശേഷിയുടെ 15.89 ശതമാനം വെള്ളം മാത്രമാണ് ഇപ്പോൾ ഡാമിലുള്ളത്. ഫുൾ റിസർവോയൽ ലെവൽ 2663 അടിയാണ്. ഇതിലെത്തിയാൽ മാത്രമേ വെള്ളം പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിടുകയുള്ളൂ. തമിഴ്നാട് ഷോളയാർ ഡാമിലും സംഭരണ ശേഷിയുടെ 40 ശതമാനം മാത്രമാണ് വെള്ളമുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here