ദുബൈ: ദുബായില്‍ നിന്നും നാട്ടിലേക്ക് പുറപ്പെടാന്‍ വിസ റദ്ദാക്കി വിമാനത്താവളത്തിലെത്തിയ മലയാളി കുടുങ്ങി. വിമാനം പുറപ്പെടും മുമ്പെ ഉറങ്ങിപ്പോയതു മൂലം ഇദ്ദേഹം വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. പുറപ്പെടും മുമ്പെ ഇദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടര്‍ന്ന് മറ്റു യാത്രക്കാരുമായി വിമാനം പുറപ്പെട്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. വിസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തുകടക്കാനും കഴിയില്ല.

ADVERTISEMENT

മുസഫയില്‍ സ്‌റ്റോര്‍ കീപ്പറായ തിരുവനന്തപുരം കാട്ടാക്കട അഹദ് മന്‍സിലില്‍ പി.ഷാജഹാനാ(53)ണ് തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സ് ജംബോ വിമാനത്തിലെ യാത്ര മുടങ്ങി വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇനി വരും ദിവസങ്ങളില്‍ ഏതെങ്കിലും വിമാനത്തില്‍ മാത്രമേ ഷാജഹാന് നാട്ടിലെത്താന്‍ സാധിക്കുള്ളു.

ബുധനാഴ്ചയാണ് കെഎംസിസി ഏര്‍പ്പെടുത്തിയ വിമാനത്തില്‍ ഷാജഹാന്‍ യാത്ര ഉറപ്പാക്കിയത്. ടാക്‌സി പിടിച്ച് കൃത്യസമയത്ത് തന്നെ ദുബൈ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍-3 ലെത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2ന് വിമാനത്തവളത്തില്‍ കോവിഡ് 19 റാപിഡ് പരിശോധന നടത്തി ചെക്ക് ഇന്‍ ചെയ്ത ശേഷം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വൈകിട്ട് നാലരയോടെ ഉറക്കത്തിലായി. വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് അധികൃതര്‍ അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഷാജഹാനെ കൂടാതെ വിമാനം പറന്നു.

നിരാശയോടെ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കാനേ ഇദ്ദേഹത്തിന് സാധിച്ചുള്ളൂ. വിസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. ലഘു ഭക്ഷണം കഴിച്ച് വിമാനത്താവളത്തില്‍ കഴിയുന്ന ഷാജഹാന്‍ ഇന്ന് ഏതെങ്കിലും വിമാനത്തില്‍ നാട്ടിലേയ്ക്ക് പോകാനുള്ള ശ്രമം നടത്തുന്നുണ്ട്. ആറ് വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം കോവിഡ് പശ്ചാത്തലത്തില്‍ ജോലിയില്ലാത്തതിനാലാണ് നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്

COMMENT ON NEWS

Please enter your comment!
Please enter your name here