അറിവിൻ പ്രകാശം പകർന്നു തരുന്നവരെല്ലാം
അജ്ഞത നീക്കുന്ന ഗുരുനാഥൻമാരല്ലയോ?!
അമ്മേ യെന്നോതാൻ ആദ്യമായ് പഠിപ്പിച്ച
അമ്മയല്ലോ ജീവിതത്തിൽ പ്രഥമ ഗുരുനാഥ!
അച്ഛന്റെ കൈ പിടിച്ചന്നാദ്യമായ് നടന്നപ്പോൾ
അച്ഛനും പ്രിയ ഗുരുവായ് മാറിയില്ലേ എന്നും!
അന്നപ്രാശ നേരത്തു പേര് കാതിലോതി തന്ന്
അച്ഛനാം ഗുരു പഠിപ്പിച്ചു അന്നം കഴിച്ചിടാൻ!
അക്ഷര മാല തൻ ഹരിശ്രീ കുറിയ്ക്കുമ്പോൾ
അറിയില്ല അരിയിൽ ഹരിശ്രീ എഴുതിടുവാൻ!
അങ്ങനെയാദ്യമായ് വിദ്യാർത്ഥിയായപ്പോൾ
അനുകമ്പയോടെ വന്ന അധ്യാപക വൃന്ദരും
അറിവിൻ നന്മകൾ ചൊല്ലി തന്നാദ്യമായ്
അമ്മ തൻ സ്നേഹത്തോടെ ഗുരു നാഥരും!
വികൃതികൾ കാണിയ്ക്കാൻ പ്രേരണയായത്
വികൃതികളാം സഹോദര “ഗുരു” നാഥരോ? !
സ്നേഹിയ്ക്കാനുമേവരേം ബഹുമാനിച്ചിടാനും
സ്നേഹത്തോടോതി തന്നവരും ഗുരുക്കളല്ലോ!
അറിയാത്ത കാര്യങ്ങൾ പങ്കിട്ട സുഹൃത്തുക്കൾ
അവരും നമ്മുടെ “ഗുരു” തുല്യ സുഹൃത്തുക്കൾ!പ്രശ്നങ്ങളും പിന്നെ പരിഹാരങ്ങളും നൽകിയ
പ്രകൃതിയുമേവർക്കും വലിയൊരു ഗുരുവല്ലോ!
അറിയാത്തതെന്തും പറഞ്ഞു തരും ഗുരുക്കളെ
അഭിമാനത്തോടെന്നും നമ്മളോർത്തീടണം !
അഭിവാദ്യം ചൊല്ലി നമസ്കരിയ്ക്കുന്നിതാ
അറിവ് പകർന്നോരാ ഗുരുനാഥ പാദങ്ങളിൽ !
ഗുരു ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരു ദേവോ മഹേശ്വരാ..
ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ !🙏🙏🙏
പാലനാട് സന്തോഷ് നമ്പൂതിരി