കോഴിക്കോട്: ഓട്ടോ യാത്രയ്ക്കിടെ കവർച്ചയ്ക്കിരയായ വയോധിക ക്രൂര ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോർട്ട്. രണ്ട് ദിവസം മുമ്പാണ് കോഴിക്കോട് മുക്കം മുത്തേരിയിൽ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധിക കൊള്ളയടിക്കപ്പെട്ടത്. കവർച്ചയ്ക്ക് കേസെടുത്താണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ വൈദ്യപരിശോധനയിൽ ഇവർ പീഡനത്തിനിരയായതായി തെളിയുകയായിരുന്നു.

ADVERTISEMENT

ഓമശ്ശേരിയിലെ ഒരു ഹോട്ടൽ ജീവനക്കാരിയാണ് വയോധിക. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവം നടന്ന സമയത്ത് സമീപത്തെ മൊബൈൽ ടവറിന്‍റെ പരിധിയിലുള്ള നമ്പറുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഈ മേഖലയിലുള്ള ഓട്ടോകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വയോധിക ജൂലൈ രണ്ടിന് ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് ഓട്ടോയിൽ കയറിയത്. ഓട്ടോറിക്ഷക്കാരൻ തന്നെ സമീപത്തെ ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി.


ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും കാട്ടുവള്ളിയും ഉപയോഗിച്ച് കൈകാലുകൾ കെട്ടിയായിരുന്നു പീഡനം. കത്രിക ഉപയോഗിച്ച് വസ്ത്രങ്ങൾ കീറുകയും ശബ്ദം ഉയർത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്. ഇതിനിടെ ഇവർ അബോധാവസ്ഥയിലായി. ബോധം വരുമ്പോഴേക്കും വയോധികയുടെ സ്വർണ്ണാഭരണങ്ങളുമായി ഓട്ടോക്കാരൻ കടന്നു കളഞ്ഞിരുന്നു. മറ്റ് സമീപവാസികളുടെ സഹായത്തോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോധികയുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here