എരുമപ്പെട്ടി : നാട്ടുകാർക്ക് ഈ കുടുംബത്തെ അറിയുന്നതിനെക്കാൾ നന്നായി ഈ കുടുംബത്തിനു നാടിനെ അറിയാം. 32 വർഷം പോസ്റ്റ്മാൻ ആയിരുന്ന അച്ഛനും തപാൽ വകുപ്പിൽ തന്നെ ജോലി ചെയ്യുന്ന 3 മക്കളും ഉൾപ്പെടുന്ന കുടുംബത്തിന് ഓരോ വീടും കാണാപ്പാഠം. വെള്ളാറ്റഞ്ഞൂർ ചക്കുത്തയിൽ ബാലകൃഷ്ണൻ നായരെന്ന ഉണ്ണി നായരുടെ കുടുംബം കേൾക്കുന്നവർക്കെല്ലാം കൗതുകമാണ്. വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ, തണ്ടിലം, പുലിയന്നൂർ, തയ്യൂർ മേഖലയിലെ നാട്ടുകാർക്കു കുടുംബാംഗത്തെപ്പോലെയാണ് ഉണ്ണി നായർ.

വിവരസാങ്കേതിക വിദ്യ വികസിക്കുന്നതിനു മുൻപു 32 വർഷത്തോളം നാടിന്റെ പോസ്റ്റ്മാൻ ആയിരുന്നു അദ്ദേഹം. കത്തുകൾ നിറച്ച പഴയ സഞ്ചിയും വലിയ കുടയും കാറ്റു നിറയ്ക്കാനുള്ള പമ്പ് ഘടിപ്പിച്ച സൈക്കിളും ചവുട്ടി എത്തിയിരുന്ന ഉണ്ണി നായർ നാട്ടുകാരുടെ പ്രതീക്ഷയായിരുന്നു. കത്തുകളും പണവും കൈപ്പറ്റുന്നവരുടെ മുഖത്തെ ആശ്വാസവും സന്തോഷവും കണ്ട് ആത്മസംതൃപ്തിയോടെ വീട്ടിലേക്കു കയറിവരുന്ന അച്ഛൻ വീട്ടിലെ 3 പെൺമക്കളുടെയും ഹീറോയായി.

മൂവരും പഠനശേഷം പിതാവിന്റെ തൊഴിൽ മേഖല തന്നെ തിരഞ്ഞെടുത്തു. പെൺമക്കൾ തപാൽ വകുപ്പിൽ ജോലി തേടുന്നതിൽ ഉണ്ണി നായർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു. നാട്ടിടവഴികൾ മുഴുവൻ അവർ നടന്നു തീർക്കേണ്ടി വരുമല്ലോ എന്ന വാൽസല്യമായിരുന്നു അതിനു കാരണം. പക്ഷേ, മക്കളുടെ നിശ്ചയദാർഢ്യം കണ്ട് അച്ഛൻ‌ പിൻമാറി. ആദ്യകാലത്തെ തുച്ഛമായ വരുമാനം കൊണ്ടുതന്നെ ഉണ്ണി നായർ മൂവരുടെയും വിവാഹം നടത്തി. വീടിനടുത്തു തന്നെ കുടുംബമായി അവരും താമസിക്കുന്നു.

വിരമിക്കുന്നതിനു മുൻപ് വെള്ളാറ്റഞ്ഞൂർ പോസ്റ്റ് ഓഫിസിൽ ഉണ്ണി നായർ മൂത്തമകൾ ബിന്ദുവുമൊത്തു ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കാഞ്ഞിരക്കോട് പോസ്റ്റ് ഓഫിസിൽ താൽക്കാലികാടിസ്ഥാനത്തിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററാണ് ‍ബിന്ദു. രണ്ടാമത്തെ മകൾ ധന്യ കോട്ടപ്പുറം പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ. ഇളയ മകൾ നിഷ എരുമപ്പെട്ടി പോസ്റ്റ് ഓഫിസിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here