ചൈനീസ് ആപ്പുകളെ നിരോധിച്ചതിൽ മറുപടിയായി ഇന്ത്യൻ ചാനലായ വിയോണിനെ ചൈന വിലക്കി. ഉഭയകക്ഷികരാറിന്‍റെയും പ്രോട്ടോകോളിന്‍റെയും അടിസ്ഥാനത്തിൽ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചൈന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രതികരിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ലഡാക്ക് അതിർത്തി സന്ദർശനം ഇനി ചൈനയുടെ നടപടികൾ നിരീക്ഷിച്ച ശേഷമായിരിക്കും.

ADVERTISEMENT

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിയോൺ ചാനലിന്‍റെ വെബ് സൈറ്റാണ് ചൈന വിലക്കിയത്. എസ്സെൽ ഗ്രൂപ്പ്‌ – സീ ടെലിവിഷൻ കമ്പനിയുടേതാണ് വിയോൺ ഗ്ലോബൽ ഇംഗ്ലീഷ് ന്യൂസ് ചാനൽ. നേരത്തെ ചാനൽ, ചൈനയിലെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത രീതിക്കെതിരെ അധികൃതർ പ്രതിഷേധിച്ചിരുന്നു.

അതിർത്തിയിൽ ശാന്തിയും സമാധാനവും കൊണ്ടുവരാൻ ചൈന സത്യസന്ധമായി ശ്രമിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ രാജ്യത്തെ നിയമങ്ങൾ പാലിക്കണം. പ്രത്യേകിച്ച് ഡാറ്റ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് കമ്പനികളോടുള്ള വിവേചനപരമായ നടപടികൾ ഇന്ത്യ തിരുത്തുമെന്ന് കരുതുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യൻ കമ്പനികൾക്കും സേവനങ്ങൾക്കുമെതിരെ തങ്ങൾ വിവേചനപരമായ നടപടിയൊന്നും എടുത്തിട്ടില്ലായെന്ന് ചൈന ചൂണ്ടിക്കാട്ടി. ചൈനീസ് ആപ്പുകൾ നിരോധിച്ചതു വഴി ഇന്ത്യ ലോക വ്യാപാര സംഘടന നിയമങ്ങൾ ലംഘിച്ചിരിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം വക്താവ് ഗവോ ഫെങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അതിർത്തി സന്ദർശനത്തിന്‍റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗാൽവാനിൽ നിന്ന് ചൈനീസ് പിൻമാറ്റം നിരീക്ഷിച്ച ശേഷം മാത്രമേ സന്ദർശന തീയതി പ്രഖ്യാപിക്കൂവെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here