അങ്കമാലി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും. സുരക്ഷ മുൻനിർത്തി അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നൽ മാറ്റി. ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാൽ കുടിക്കുന്നുമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. നാളെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അങ്കമാലി പാലിയേക്കര ജോസ്പുരത്ത് വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസാണ് രണ്ടു മാസം മാത്രം പ്രായമുള്ള തന്റെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടി ആയതിനാലും കുഞ്ഞിന്റെ പിതൃത്വം സംശയിച്ചും ഇയാൾ സ്ഥിരമായി ഭാര്യയെയും കുട്ടിയെയും മർദിക്കുമായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പൊലീസിൽ മൊഴി നൽകിയിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇയാൾ വിവാഹം കഴിച്ച നേപ്പാൾ സ്വദേശിനിയാണ് ഷൈജു തോമസിന്റെ ഭാര്യ. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.