രാജ്യത്തെ കല്‍ക്കരി മേഖലയിലെ അഞ്ചര ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ ഇന്ന് മുതല്‍ പണിമുടക്കുകയാണ്. കൽക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. മൂന്ന് ദിവസം സമരം നീണ്ടുനില്‍ക്കുന്നു. രണ്ട് മൂന്ന് ഘട്ടങ്ങളായി തൊഴിലാളി സംഘടന പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും ധാരണയില്ലെത്തിയില്ല.

ADVERTISEMENT

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ ഖനനം പൂര്‍ണമായി സ്തംഭിക്കുമെന്ന് സിഐടിയു വിന്റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ കോള്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡി ഡി രാമനന്ദന്‍ പറഞ്ഞു. ഖനി തൊഴിലാളികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആ പട്ടണങ്ങളിലെ മറ്റ് തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ഖനന മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന രണ്ടര ലക്ഷത്തോളം ട്രക്ക് ഡ്രൈവര്‍മാരും സമരത്തിലുണ്ട്. ബിഎംഎസ് ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളി സംഘടനകളെയും ചേര്‍ത്തുനിര്‍ത്തിയാണ് തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയിരിക്കുന്നത്. ഖനികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍നിന്ന കേന്ദ്ര സര്‍ക്കാര്‍ പിന്നാക്കം പോകുന്നില്ലെങ്കില്‍ മൂന്ന് ദിവസത്തിന് ശേഷമുള്ള സമര പരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ കാലത്താണ് സര്‍ക്കാര്‍ ഖനികള്‍ സ്വകാര്യവര്‍ക്കരിച്ചുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടത്. ഇതിനെതിരെയാണ് ബിഎംഎസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഖനന മേഖലയിലെ പൊതുമേഖല പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് സജി നാരായണന്‍ പറഞ്ഞു. സെന്‍ട്രല്‍ മൈന്‍സ് പ്ലാനിംങ് ആന്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡിനെ കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്ന് വേര്‍പ്പെടുത്തരുതെന്നതാണ് തൊഴിലാളി സംഘടനകളുടെ മറ്റൊരു ആവശ്യം. നേരത്തെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി തല ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് മന്ത്രി പ്രഹ്ലാദ് ജോഷിയുമായും ചര്‍ച്ച നടത്തിയിരുന്നു. അതും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

നേരത്തെയും കല്‍ക്കരി ഖനന മേഖല സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. കോള്‍ മൈന്‍സ് സ്‌പെഷല്‍ പ്രൊവിഷ്യന്‍സ് ആക്ട് ഇതിനായി 2015 ല്‍ സര്‍ക്കാര്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ സംരഭകര്‍ എത്താത്തതിനെ തുടര്‍ന്ന് അത് നടപ്പിലായിരിുന്നില്ല. ഈ നിയമമാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ ഭേദഗതി വരുത്തി വീണ്ടും പാസ്സാക്കിയത്. ഭേദഗതി അനുസരിച്ച് ഖനന മേഖലയിൽ മുൻ പരിചയമില്ലാത്ത കമ്പനികൾക്കും ഖനികളുടെ ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതായിരുന്നു ഭേദഗതി.
കല്‍ക്കരി പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിന് പുറമെ ഹൈപവര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത വേതനം കരാര്‍ തൊഴിലാളികള്‍ക്ക് നല്‍കുക, 2017 ജനുവരിക്കും ഗ്രാറ്റിയുവിറ്റി 20 ലക്ഷമാക്കി വര്‍ധിപ്പിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്ന കൂട്ടത്തിലാണ് കല്‍ക്കരി മേഖലയുടെ സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here