ചാവക്ക്: തൃശൂർ അതിരൂപതയുടെ പ്രഥമ അതിരൂപത തീർത്ഥകേന്ദ്രമായ പാലയൂർ തീർത്ഥകേന്ദ്രത്തെ സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്ര പദവിയിലേക്ക് ഉയർത്തിയതിന്റെ ഒദ്യോഗിക പ്രഖ്യാപനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കുന്നു. നാളെ ദുക്റാന തിരുനാൾ ദിനത്തിൽ രാവിലെ 7 മണിക്ക് പാലയൂർ തീർത്ഥകേന്ദ്രത്തിൽ വെച്ച് നടക്കുന്ന തിരുകർമ്മങ്ങൾക്ക് അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിക്കും. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, എന്നിവർ സഹകാർമ്മികരാകും. സീറോ മലബാർ സഭാ ചാൻസലർ റവ.ഫാ വിൻസെന്റ് ചെറുവത്തൂർ, തീർത്ഥകേന്ദ്രത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രമാക്കി ഉയർത്തി കൊണ്ടുള്ള സിനഡിന്റെ ഡിക്രി അവതരിപ്പിക്കുന്നതാണ്.

മേജർ ആർക്കി എപ്പിസ്കോപ്പൽ പ്രഖ്യാപനങ്ങളോടനുബന്ധിച്ച് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പു കർമ്മം ദിവ്യബലിക്കു മുൻപ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിക്കുന്നതാണ്. തിരുകർമ്മങ്ങൾക്ക് ശേഷം തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെ കൊടികയറ്റവും ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിക്കുന്നു. ജൂലായ് 11,12 തിയതികളിലാണ് തർപ്പണ തിരുനാൾ .

ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പാലയൂർ പള്ളിക്ക് അർഹിക്കുന്ന അംഗീകരമാണ് ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയിലെ ദേവാലയങ്ങൾക്ക് ലഭിക്കുന്ന പരമോന്നത പദവി. ഇത് വരെ ഏഴ് പള്ളികൾക്കാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. മാർ തോമ ശ്ലീഹ സ്ഥാപിച്ച ഏഴ് പള്ളികളിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ഏക ദേവാലയമാണെന്ന പ്രത്യേകത കൂടി പാലയൂർ തീർത്ഥകേന്ദ്രത്തിനുണ്ട്.
എ ഡി 52 ൽ ക്രിസ്തു ശിഷ്യൻ മാർ തോമ ശ്ലീഹായാൽ സ്ഥാപിതമായതും സ്ഥാനം മാറാതെ നിലകൊള്ളുന്നതും നിരവധി ചരിത്രസ്മാരകങ്ങൾ ഉള്ളതുമായ പാലയൂർ പള്ളി 1972 ൽ തീർത്ഥകേന്ദ്രമായും 2000 ൽ അതിരൂപത തീർത്ഥകേന്ദ്രമായും 2020 ജനുവരിയിൽ നടന്ന സീറോ മലബാർ ബിഷപ്പ് സിനഡ് തീരുമാനപ്രകാരം മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കും ഉയർത്തപ്പെട്ടു. 2020 മാർച്ച് 29 ന് പാലയൂർ മഹാതീർത്ഥാടന സമാപനത്തിലാണ് ഔദ്യോഗിക പദവി പ്രഖ്യാപനം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് 19ന്റെ വ്യാപനം മൂലം ലോക് ഡൗൺ ആയതിനാൽ നടത്താൻ സാധിച്ചില്ല. മാറ്റി വെക്കപ്പെട്ടത് സീറോ മലബാർ സഭാ ദിനവും പാലയൂർ തീർത്ഥകേന്ദ്രത്തിലെ തിരുനാളായ ദുക്റാന തിരുനാൾ ദിനവുമായ ജൂലായ് മൂന്നിനായി എന്നതും പ്രത്യേകതയായി. ഇനി മുതൽ ദേവാലയ വികാരി ആർച്ച് പ്രീസ്റ്റ് എന്ന് ഒദ്യോഗികമായി അറിയപ്പെടും.

കോവിഡ് – 19ന്റെ പ്രത്യേക പശ്ചാതലത്തിൽ കർശന നിയന്ത്രണങ്ങളോടെ സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് തിരുകർമ്മങ്ങൾ നടത്തുന്നത്. തിരുക്കർമ്മങ്ങളിൽ നേരിട്ടു പങ്കെടുക്കുന്നവരെ പ്രത്യേകം അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതു കൊണ്ട് മറ്റുള്ളവർക്ക് ഭവനങ്ങളിലിരുന്ന് തിരുകർമ്മങ്ങളിൽ സംബന്ധിക്കാവുന്നതാണ്. ഈ വർഷത്തെ ദുക്റാന – തർപ്പണ തിരുനാളിന്റെ ആഘോഷങ്ങൾ കാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിമാറി. അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ പദ്ധതിക്ക് ഇതിനോടകം രൂപം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here