റാസല്‍ഖൈമ : എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടതോടെ മരുഭൂമിയിൽ തന്നെ അന്ത്യനിദ്രയും.

കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മഞ്ചക്കല്‍ ഇപ്പോൾ ഈ ഭൂമുഖത്തില്ല. പരീക്ഷയിൽ വിജയിച്ച മകൻ ധനൂപിന് വാങ്ങിവെച്ച സമ്മാനം ഉൾപ്പെടെയുള്ള ബാഗേജ് കണ്ണീരോർമയായി റാസൽഖൈമ എയർപോർട്ടിൽ തന്നെയുണ്ട്. കെം.എം.സി.സി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് പുറപ്പെടാൻ എത്തിയതായിരുന്നു. കോവിഡ് ടെസ്റ്റിന് കാത്തിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ട പവിത്രൻ കുഴഞ്ഞുവീണു മരിച്ചത്. ആ വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് റാസൽഖൈമയിലെ സാമൂഹിക പ്രവർത്തകരും.

അജ്മാനിലെ ഒരു ജ്വല്ലറിക്ക് ചുവടെ സ്വര്‍ണാഭരണ നിർമാണ ജോലിക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മൂന്നു മാസത്തോളമായി ജോലിയില്ല. മകൻ ധനൂപിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതിൽ ഏറെ സന്തോഷത്തിലായിരുന്നു പവിത്രൻ. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം റാസൽഖൈമയിൽ തന്നെ സംസ്കരിച്ചു. പ്രിയപ്പെട്ട മകന് അച്ഛൻ അവസാനമായി വാങ്ങിവെച്ച സമ്മാനമടങ്ങിയ ബാഗേജ് സ്പൈസ് ജെറ്റ് കമ്പനി നാളെ നാട്ടിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here