ടെഹ്‌റാന്‍ : ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ക്ലിനിക്കിൽ വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കന്‍ ടെഹ്‌റാനിലെ സിന അത്ഹര്‍ ക്ലിനിക്കിലാണ് അപകടമുണ്ടായത്. ഓക്‌സിജൻ സിലണ്ടറിൽ നിന്നും ഗാസ് ലീക്ക് ചെയ്തതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

സ്ഫോടനത്തിൽ മരിച്ചവരിൽ 15 സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ലിനിക്കിന്റെ ഓപ്പറേറ്റിങ് റൂമിലുണ്ടായിരുന്ന മൂന്ന് ഓക്‌സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. 20 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തിയിട്ടുണ്ട്.

രോഗികളോ അവരുടെ ഒപ്പമുണ്ടായിരുന്നവരോ ആണ് മരിച്ചവരിലേറെയുമെന്ന് ടെഹ്റാന്‍ അഗ്‌നിശമന വകുപ്പ് വക്താവ് ജലാല്‍ മാലേക്കി പറഞ്ഞു. അഗ്നിശമന നടത്തിയ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനത്തിന് ഒടുവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.