ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ആനത്താവളത്തിലെ ഗജവീരന്‍മാര്‍ക്ക് സുഖചികിത്സ തുടങ്ങി. ഇനിയുള്ള ഒരു മാസക്കാലം ആനത്താവളത്തിലെ ആനകള്‍ സുഖചികിത്സയുടെ പരിലാളനയി ലാകും. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ ആദ്യ ഔഷധ ഉരുള, കൊമ്പന്‍ വിനായകന് നല്‍കി സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ. അജിത്, ഇ.പി.ആര്‍ വേശാല മാസ്റ്റര്‍, കെ.വി. ഷാജി, ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍, അഡ്മിനിസ്റ്റ്രേറ്റര്‍ കെ ആര്‍ സുനില്‍ കുമാര്‍ , ആനഡോക്ടര്‍മാരായ പി.ബി. ഗിരിദാസ്, ടി.എസ്. രാജീവ്, വിവേക്, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍, ആനഡോക്ടര്‍മാരായ ടി.എസ്. രാജീവ്, കെ. വിവേക്, പി.ബി. ഗിരിദാസ് തുടങ്ങിയവരും, ആനപ്രേമികളും ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT

ഒരു മാസം നീളുന്ന ഔഷധക്കൂട്ടുകളടങ്ങിയ ഭക്ഷണ ക്രമവും വിശേഷ വിധിയോടെയുള്ള കഴുകിത്തുടക്കലുമെല്ലാമുള്ള സുഖചികിത്സയിലൂടെ കരിവീരന്മാര്‍ നവോന്‍മേഷവും ഓജസും കരുത്തും വീണ്ടെടുക്കും. ചോറും ചെറുപയറും ഔഷധകൂട്ടുകളുമടങ്ങിയ ഉരുള ആനകളുടെ വായില്‍വെച്ചതോടെയാണ് ചികിത്സക്ക് തുടക്കമായത്. ആയൂര്‍വേദ അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയ സമീകൃതാഹാരമാണ് സുഖചികിത്സാക്കാലത്ത് ആനകള്‍ക്ക് നല്‍കുന്നത്. ആനകളുടെ ശരീരഭാരമനുസരിച്ചാണ് നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്‌സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയും വൈറ്റമിന്‍ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്. ഇത്തവണത്തെ സുഖചികിത്സക്കായി പത്ത് ലക്ഷം രൂപയാണ് ദേവസ്വം മാറ്റിവെച്ചിട്ടുള്ളത്. 40-കൊമ്പന്മാരും, അഞ്ചുപിടിയാനകളും, രണ്ടുമോഴകളുമുള്‍പ്പടെ 47-ഗജസമ്പത്താണ് ഗുരുവായൂര്‍ ദേവസ്വത്തിനുള്ളത്

COMMENT ON NEWS

Please enter your comment!
Please enter your name here