തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വീടിനുള്ളിലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന വിവരമാണ് പൊലീസ് അറിയിക്കുന്നത്. വീടിനുള്ളില്‍ നില്‍ക്കുന്ന കൊച്ചുകുട്ടികളുടെ നഗ്നത വരെ അശ്ലീല സൈറ്റുകളില്‍ നിന്നും പൊലീസ് കണ്ടെത്തി. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുള്ള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണത്തിന് ഇന്‍റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പൊലീസിനു ലഭിക്കും.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാം. ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇത്തരം ഇടപാടുകൾ നടക്കുന്നത്. കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങള്‍ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്കു കടക്കുകയാണു പൊലീസിന്‍റെ ലക്ഷ്യം. ഇത്തരത്തിലുള്ള ചൈൽഡ് പോൺ സൈറ്റുകൾ വീക്ഷിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നതു നിയമ വിരുദ്ധമാണ്. എത്ര രഹസ്യ സ്വഭാവത്തോടു കൂടി നോക്കിയാലും ഇതെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ് എന്നു ചെയ്യുന്നവർ തിരിച്ചറിയണം.