ന്യൂഡൽഹി : ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ചൈനീസ് കമ്പനികളിലെ ഇന്ത്യൻ ജീവനക്കാര്‍. നിരോധനം അനന്തമായി നീളുകയാണെങ്കില്‍ ജോലി നഷ്ടപ്പെടുമോ എന്നതാണ് ഇവരെ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത് ബൈറ്റ് ഡാന്‍സ്, യുസി വെബ്, ലൈക്കീ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഓഫീസുകളും ജീവനക്കാരുമുണ്ട്. ഏകദേശം രണ്ടായിരത്തിലധികം പേര്‍ ഈ കമ്പനികളില്‍ മികച്ച ശമ്പളത്തോടും കൂടി ജോലിചെയ്യുന്നു.

ഹലോ, ടിക് ടോക് തുടങ്ങിയ ആപ്പുകളുടെ മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഇന്ത്യയില്‍ ചുവടുറപ്പിച്ചത്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ ബൈറ്റ് ഡാന്‍ഡ് ഓഫീസുകള്‍ സ്ഥാപിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമേ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ആപ്പുകളിലെ സേവനം ലഭ്യമായതോടെ നിരവധി പേർക്കാണ് ഇവിടെ ജോലി ലഭിച്ചത്. മലയാളികളടക്കം ഒട്ടേറേപേര്‍ ബൈറ്റ് ഡാന്‍സിന്റെ വിവിധ ഓഫീസുകളിലായി ജോലിചെയ്യുന്നു. എന്നാല്‍ ടിക് ടോക്കിനും ഹലോയ്ക്കും നിരോധനം നിലവില്‍വന്നതോടെ ജോലി നഷ്ടപ്പെടുമോ എന്നതാണ് ജീവനക്കാരുടെ ചോദ്യം.

അതേസമയം ആപ്പുകളുടെ നിരോധനത്തെക്കുറിച്ച് കമ്പനി മേധാവികളില്‍നിന്ന് ജീവനക്കാര്‍ക്ക് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകളോ മറ്റോ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, പരിഭ്രാന്തി വേണ്ടെന്നും ഇതുവരെ ചെയ്തിരുന്ന ജോലികള്‍ തുടര്‍ന്നുപോകാനുമാണ് മേധാവികള്‍ ജീവനക്കാര്‍ക്ക് അനൗദ്യോഗികമായി നല്‍കിയിരിക്കുന്ന നിര്‍ദേശം.

രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. നിരോധനം നിലവില്‍വന്നതിന് പിന്നാലെ ഇവ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നടക്കം നീക്കം ചെയ്തു. അതേസമയം, നിരോധനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുമെന്നും വിശദീകരണം നല്‍കുമെന്നുമാണ് ടിക് ടോക്കിന്റെ ഇന്ത്യയിലെ മേധാവി നിഖില്‍ ഗാന്ധി അറിയിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here