ടിക്ക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചതാണ് നിലവിലെ ചൂടൻ ചർച്ച. ആപ്പ് നിരോധനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും കേൾക്കുന്നുണ്ട്. ടിക്ക്ടോക്ക് നിരോധിച്ചാൽ ഇനിയെന്ത് എന്നതും ഒരു ചോദ്യമാണ്. ടിക്ക്ടോക്കിലെ മിന്നും താരങ്ങളായിരുന്ന പലരും മറ്റു പല സമൂഹമാധ്യമങ്ങളിലേക്കും ചേക്കേറിക്കഴിഞ്ഞു. പലരും സ്വന്തം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ, നിരോധനം മാറാൻ സാധ്യതയുണ്ടെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ വരട്ടെ എന്നുമാണ് വിദഗ്ധർ പറയുന്നു.

ADVERTISEMENT

മുൻപും രാജ്യത്ത് ടിക്ക്ടോക്ക് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും തിരികെ വന്നിട്ടുണ്ടെന്നുമാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട കാരണം. ടിക്ക്ടോക്കിൻ്റെ മുൻകാല രൂപമായിരുന്ന മ്യൂസികലി കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. എന്നാൽ, ദിവസങ്ങൾക്കു ശേഷം സുപ്രിം കോടതി നിരോധനം നീക്കുകയും ടിക്ക്ടോക്ക് തിരികെ വരികയും ചെയ്തു. അതുകൊണ്ട് തന്നെ ഇനിയും ടിക്ക്ടോക്ക് തിരികെ വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇതോടൊപ്പം, സംഭവത്തിൻ്റെ രാഷ്ട്രീയ വശങ്ങൾ പരിശോധിച്ചാലും ടിക്ക്ടോക്ക് തിരികെ വരാനുള്ള സാധ്യത കാണുന്നുണ്ട്. ചൈനയുമായുള്ള അതിർത്തി തർക്കമാണ് നിരോധനത്തിൻ്റെ ഹേതു. അതുകൊണ്ട് തന്നെ തർക്കം മാറിയാൽ നിരോധനം മാറാൻ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ചും, അതിർത്തിയിൽ മഞ്ഞുരുകുന്നു എന്ന റിപ്പോർട്ടുകൾ ഉയരുന്നതു കൊണ്ട് തന്നെ നിരോധനം മാറിയേക്കാമെന്നാണ് സൂചന. അങ്ങനെയെങ്കിൽ, ഡിലീറ്റ് ചെയ്ത അക്കൗണ്ടുകൾ തിരിച്ചെടുക്കാൻ കഴിയില്ല എന്ന് ഓർമിക്കുന്നത് നന്നായിരിക്കും. ഒരു പ്രൊഫൈൽ ഡിലീറ്റ് ചെയ്യുമ്പോൾ അതിലെ വീഡിയോകളും സബ്സ്ക്രൈബർമാരും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൂടിയാണ് നീക്കം ചെയ്യപ്പെടുന്നത്. ടിക്ക്ടോക്ക് തിരികെ വരികയാണെങ്കിൽ ഡിലീറ്റ് ചെയ്ത പ്രൊഫൈലുകൾ വീണ്ടും ആരംഭിക്കേണ്ടി വരും. അതുകൊണ്ട് തന്നെ കാത്തിരിക്കൂ എന്നാണ് വിദഗ്ധർ പറയുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here