ചേർപ്പ്: മാലിന്യവും മണ്ണും നിറഞ്ഞ് സഞ്ചരിക്കാനാവാതെ കിടന്ന റോഡിനെ ഒടുവിൽ നാട് വീണ്ടെടുത്തു. ചേർപ്പ് പഞ്ചായത്ത് 19-ാം വാർഡിലെ റോഡാണ് വർഷങ്ങൾക്ക് ശേഷം സഞ്ചാര യോഗ്യമാക്കിയത്. ചേർപ്പ് ചിറ്റൂർമന റോഡിൽനിന്ന് പടിഞ്ഞാട്ടുമുറി ഭാഗത്തെ തൃശ്ശൂർ- തൃപ്രയാർ പ്രധാന റോഡിലേക്കുള്ള എളുപ്പവഴിയാണിത്.

20 വർഷമായി മാലിന്യവും കാടും നിറഞ്ഞ നിലയിലായിരുന്നു. നാട്ടുകാരുടെ സഞ്ചാരം മാത്രമല്ല, ചിറ്റൂർമന റോഡിലെ മഴവെള്ളം ഒഴുകിപ്പോകുന്നതും ഇത് മൂലം തടസ്സപ്പെട്ടിരുന്നു. പഞ്ചായത്തംഗം എം. സുജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ്‌ വഴി വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ് ഇതിനായി രംഗത്തുവന്നു. സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ ജെ.സി.ബി.യും ടിപ്പറും ഉപയോഗിച്ച് മാലിന്യം നീക്കി.

നാലുലോറി മാലിന്യം നീക്കം ചെയ്തപ്പോഴാണ് റോഡ് തെളിഞ്ഞത്. റോഡിനും വെള്ളം ഒഴുകിപ്പോകുന്നതിനും തടസ്സമായി ഉപയോഗശൂന്യമായ വൈദ്യുതിത്തൂൺ അടക്കം നാലു തൂണുകൾ ഉണ്ട്. എല്ലാം കാനയിലാണ്. ഇവ മാറ്റി കാന പുതുക്കിപ്പണിയുന്നതിന് പി.ഡബ്ലിയു.ഡി. അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് സുജിത്ത് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here