30 ജൂൺ 2020 ചൊവ്വാഴ്ച നടക്കുന്ന വ്യാഴമാറ്റത്തിലൂടെ ഇതുവരെ ലോക ജനത അനുഭവിച്ചു വന്ന കഷ്ടതകൾക്ക് അയവു വരുമെന്നാണ് വിശ്വാസം.
എട്ടു മാസത്തിനുള്ളിൽ രണ്ടു തവണ രാശി മാറി ഒട്ടേറെ ദുരിതങ്ങൾ സൃഷ്ടിച്ച വ്യാഴം 2020 ജൂൺ മാസം 30-ാം തീയതി ചൊവ്വാഴ്ച നീചരാശിയായ മകരത്തിൽ നിന്നും ധനുവിൽ വരും. വ്യാഴത്തിന്റെ ഈ രാശി മാറ്റത്തിന് പ്രതികൂല ഫലങ്ങൾ അധികമാണ്. ഗുരുഗ്രഹണം, കേതുയോഗം, അഗ്‌നിമാരുതയോഗം എന്നിവ ഇതു കാരണം സംഭവിക്കുന്നു. 2020 ജൂൺ 30 മുതൽ 2020 നവംബർ 20 ന് വരെയാണ് വ്യാഴം ധനു രാശിയിൽ നിൽക്കുന്നത്. അതു കഴിഞ്ഞ് വീണ്ടും മകരം രാശിയിലേക്ക് കടക്കും. 2021 ഏപ്രിൽ 6 വരെ മകരത്തിലാണ്. ഇപ്പോൾ ധനുവിലേക്ക് വരുന്ന വ്യാഴത്തിന്റെ വക്രത്തിലുള്ള രാശി മാറ്റം കാരണം ഓരോ രാശിക്കാർക്കും ഉണ്ടാകുന്ന വിശേഷ ഫലങ്ങൾ:

ADVERTISEMENT

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)

മേടക്കൂറുകാർക്ക് ഭാഗ്യ സ്ഥാനത്ത് വരുന്ന ഗുരുവിന്റെ സദ്ഫലങ്ങൾ ധാരാളമായി ലഭിക്കും. സന്താന ഭാഗ്യം ആഗ്രഹിക്കുന്നവർക്ക് ഇത് ഏറ്റവും അനുകൂല സമയമാണ്. വ്യാപാരം, വ്യവസായം, വിദ്യാസംബന്ധമായ തൊഴിലുകൾ, ബാങ്കിംഗ് അഥവാ ധനപരമായ ജോലികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഏറെ അനുകൂല സമയമാണ്. ആരോഗ്യം, ആഹാരസുഖം, ധനധാന്യ വർദ്ധന എന്നിവയെല്ലാം പ്രതീക്ഷിക്കാം. ഗുരുവിന്റെ അനുഗ്രഹം വർദ്ധിക്കുന്നതിനും സദ്ഫഫലങ്ങൾ കൂടുന്നതിനും ഇപ്പോൾ അന്നദാനം നടത്തുന്നത് നല്ലതാണ്. ഗുരുദോഷ പരിഹാരത്തിന് എന്ന പോലെ സദ്ഫല വർദ്ധനവിനും അന്നദാനം വിശേഷമാണ്. സാധുകൾക്ക് അന്നം ദാനം ചെയ്യുമ്പോൾ അന്നം ഭുജിക്കുന്നവർ ഒരു നിമിഷമെങ്കിലും അന്നദാതാവിന് വേണ്ടി പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. ഈ കൂറുകാർ ശാസ്താ പ്രീതി , ഹനുമദ് പ്രീതി വരുത്തണം. കണ്ടക ശനി കാലമാണ്. കാക്കക്ക് ഭക്ഷണം നൽകുക. വികലാംഗർക്ക് അന്ന വസ്ത്രങ്ങൾ ദാനം . ശനിയാഴ്ച വ്രതം . മന്ത്രജപം,ശാസ്താ യന്ത്ര ധാരണം

ഇടവക്കൂറ്
(കാർത്തിക അവസാന മുക്കാൽ, രോഹിണി,
മകയിരം ആദ്യ പകുതി)

സ്വക്ഷേത്രമായ ധനുവിൽ വ്യാഴം തനിച്ച് നിൽക്കുന്ന ജൂൺ 30 മുതൽ നവംബർ 20 വരെ ഗുരു കാരണമുള്ള ദോഷഫലങ്ങൾ കുറവായിരിക്കും. സബലം ശുഭ എന്നാണ് ഇതിന്റെ പ്രമാണം അതായത് ബലമുള്ള ഗ്രഹം ശുഭമാണ്. വ്യാഴം ധനുരാശിയിൽ മൂലക്ഷേത്ര ബലവാനാകയാൽ ഇടവം രാശിക്കാർ ഈ സമയത്ത് ഭയപ്പെടേണ്ടതില്ല. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ വ്യാഴം ബലവാനായി നിൽക്കുമ്പോൾ കൂടുതൽ പരിശ്രമിക്കുകയും ബലഹീനനാകുമ്പോൾ ഗുരുശാന്തി പൂജ തുടങ്ങിയവ ചെയ്യുകയും വേണം. വ്യാഴാഴ്ച് വ്രതം ഗുണകരം.അമിതാഹാരവും അനാവശ്യമായ പിടിവാശികളും ഉപേക്ഷിക്കണം. ഈ രാശിക്കാരായ സ്ത്രീകൾക്ക് അഷ്ടമം, മംഗല്യസ്ഥാനമാകയാൽ ദാമ്പത്യ പ്രശ്‌നങ്ങളുണ്ടാകാം. ഭർത്താവിന്റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പൊതുവെ വ്യാഴം ആരോഗ്യ സംരക്ഷണത്തിന് പറ്റിയ ഗ്രഹമാകയാൽ അഷ്ടമത്തിൽ വ്യാഴം നിൽക്കുമ്പോൾ രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് ച്യവനപ്രാശം തുടങ്ങിയ ഔഷധങ്ങൾ സേവിക്കാവുന്നതാണ്. മഹാവിഷ്ണു അഥവാ ധന്വന്തരിമൂർത്തി, തിരുപ്പതി ബാലാജി, പത്മനാഭസ്വാമി, ഷിർദ്ദിസായിബാബ എന്നിവരെ ആരാധിക്കണം. രോഗികൾക്ക് ഭക്ഷണവും മരുന്നും ദാനം ചെയ്യണം. ഗുരുതുല്യരേയും ബ്രന്മണരേയും വൃദ്ധരേയും സഹായിക്കുക എന്നിവ ഗുരുദോഷത്തിന് പരിഹാരമാണ്. ഭാഗ്യ സ്ഥാനത്ത് ബലവാനായ ശനി കർമ്മ പുഷ്ടി നൽകും . രാഹു – കേതു പ്രീതി വരുത്തണം . ഉച്ഛിഷ്ടഗണപതിയന്ത്ര ധാരണവും മന്ത്ര സാധനയും വളരെ ഉന്നതി നൽകും .

മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര,
പുണർതം ആദ്യ മുക്കാൽ)

മിഥുനക്കൂറുകാർക്ക് വ്യാഴം ഏഴിൽ വരുന്നു. 2020 നവംബർ 20 വരെ വ്യാഴം ഏഴിൽത്തന്നെ നിൽക്കുന്നതിനാൽ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കും. ആരോഗ്യലബ്ധിയുണ്ടാകും. സുഹൃദ് ബന്ധങ്ങൾ ശക്തമാകും. നവംബറിൽ വീണ്ടും വ്യാഴം പ്രതികൂലമാകും മുമ്പു തന്നെ വ്യാഴശാന്തി പൂജയും ഔഷധസേവയും നടത്തി ആരോഗ്യവും രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കണം. വിഷ്ണു ക്ഷേത്ര ദർശനം വിഷ്ണു സഹസ്രനാമജപം നടത്തുന്നതും സാധുക്കൾക്ക് സഹായം നൽകുന്നതും ദോഷങ്ങൾ കുറയ്ക്കും. സുദർശനയന്ത്ര ധാരണവും ഗുണകരം. ജാത കാൽ വ്യാഴം അനിഷ്ടസ്ഥിതിയിലുള്ളവരും വ്യാഴദശയുള്ളവരും മഞ്ഞപുഷ്യരാഗം ധരിക്കണം. ഗുരു എതിരായി നിൽക്കുന്ന സമയത്ത് ഉത്തമമായ ഈടില്ലാതെ ധനം കടം കൊടുക്കുക, ജാമ്യം നിൽക്കുക, അന്യരുടെ കാര്യങ്ങളിൽ ഇടപെടുക എന്നിവ ഒഴിവാക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പ്രമാണമാണ് എപ്പോഴും മനസിൽ കരുതേണ്ടത്. അഷ്ടമശനിയെയും പ്രീതിപ്പെടുത്തണം..ശാസ്താവിന് നീരാഞ്ജനം . ഹനുമാൻ സ്വാമിക്ക് വെറ്റിലമാല . ഹനുമദ് മന്ത്രജപം, സർപ്പപ്രീതിയും വേണം.

കർക്കടകക്കൂറ്
(പുണർതം അവസാന കാൽ, പൂയം, ആയില്യം)

ഈ കൂറുകാർക്ക് വ്യാഴം അനുകൂലമല്ലാത്ത ആറാം സ്ഥാനത്തേക്ക് മാറുകയാണ്. എന്നാൽ വ്യാഴം സ്വന്തം രാശിയിൽ പ്രവേശിക്കുന്നതിനാൽ ഗ്രഹം ബലവാനാകുകയും ദോഷഫലങ്ങൾക്ക് കുറവ് വരികയും ചെയ്യും. ആറിലെ വ്യാഴം ആഹാരവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഇടവരുത്താം. മാത്രമല്ല അടിവയറുമായി ബന്ധപ്പെടുന്ന ഭാഗങ്ങളിൽ അസുഖങ്ങൾ വരുന്നതിന് സാദ്ധ്യതയുണ്ട്. അലർജിക്കും സാദ്ധ്യത. ആരോഗ്യ ശ്രദ്ധ വേണം. ധന്വന്തരി അർച്ചന , ശിവനു ധാര , മൃത്യം ഞ്ജയ യന്ത്ര ധാരണം ഹോമം ഇവ ശാന്തി നൽകും .വിദ്യാർത്ഥികൾക്ക് അശ്രദ്ധയാൽ പരീക്ഷകളിൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാതെ വരാം. അടുത്തു നിന്നവർ പെട്ടെന്ന് എതിരാകുകയോ നിങ്ങളുടെ രഹസ്യങ്ങൾ കൈമാറി ചതിയിൽ പെടുത്തുകയോ ചെയ്യാതെ സൂക്ഷിക്കുക. കൂട്ടാളികളിൽ നിന്നും കണ്ടകശനി കാലത്ത് സഹകരണം ഇല്ലാതാകുക കൂടി ചെയ്യുമ്പോൾ എല്ലാ പ്രവർത്തികളിലും പരമാവധി സൂക്ഷ്മത ആവശ്യമാകും. ഉയർന്ന ഉദ്യോഗങ്ങളിൽ ഇരിക്കുന്നവർ വളരെ ശ്രദ്ധിക്കണം. ഈ രാശിക്കാർക്ക് 2022 ഏപ്രിൽ 13 വരെ വ്യാഴം അനുകൂലമല്ല എന്ന പ്രത്യേകത കൂടിയുണ്ട്. 2020 നവംബർ 20 ന് വ്യാഴം, ഏഴിൽ വരുമെങ്കിലും അവിടെ ശനിയോടൊപ്പമാകും നിൽക്കുക. ഈ സ്ഥിതി 2021 ഏപ്രിൽ 6 വരെ കാണും അടുത്ത ഒരുവർഷം അഷ്ടമവ്യാഴമാണ്. അതിനാൽ വ്യാഴപ്രീതിക്കായി വിഷ്ണു പൂജകൾ നടത്തുകയും വ്യഴാഴ്ച വ്രതം. സുദർശന ഹോമം, വിഷ്ണു സഹസ്രനാമജപം. നരസിംഹ സ്വാമിക്ക് പാനകം . ഹനുമാൻ ചാലിസ ജപം,അന്നം,ഔഷധം ഇവ ദാനം ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും വേണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽ)

ജൂൺ 30 ന് ഗുരു ധനുവിലേക്ക് വരുന്നതോടെ ഗുരുകേതു യോഗം അഥവാ ഗ്രഹണയോഗം സംഭവിക്കുന്നു. ഈ സമയത്ത് സർപ്പക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് ഫലപ്രദമായിരിക്കും. ചിങ്ങക്കൂറിന് വ്യാഴം ബന്ധുവും ശനിയും കേതുവും ശത്രുക്കളുമാകയാൽ ഗുരുവിൽ നിന്നും ഗുരുബലം ഉള്ള സമയങ്ങളിൽ അനുകൂലമായ ഫലങ്ങൾ ലഭിക്കും. ഗുരു എതിരായി നിൽക്കുന്ന സമയത്ത് അന്യരിൽ നിന്നും ഭക്ഷണങ്ങൾ സ്വീകരിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം. ശുദ്ധവും വൃത്തിയും ഇല്ലാത്ത വസ്തുക്കളൊന്നും സ്വീകരിക്കരുത്. അതുപോലെ അന്യരെ കൂടുതൽ വിശ്വസിക്കുകയോ അവരുടെ ഉപദേശങ്ങൾ സ്വീകരിക്കുകയോ ഗുരുക്കന്മാരെ ദ്വേഷിക്കുകയോ അറിവില്ലാത്ത കാര്യങ്ങൾ ചെയ്യുകയോ അരുത്. പ്രാർത്ഥന, ജപം മുടക്കരുത്. പൊതുവിൽ ദൈവാധീനം കാണുന്നു. ജാത കാൽ അനുകൂല രത്ന ധാരണം ഗുണാനുഭവങ്ങൾ വർദ്ധിപ്പിക്കും.

കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽ അത്തം,
ചിത്തിര ആദ്യ പകുതി)

വ്യാഴം മൂന്നിൽ നിന്നും നാലിലേക്ക് കടക്കുമ്പോൾ ധനം ശരിയായ രീതിയിൽ നിക്ഷേപിക്കുന്നതിന് വളരെ അനുകൂല സമയമാണ്. വീട്, വാഹനം, ആഭരണങ്ങൾ തുടങ്ങിയവ വാങ്ങുക ധനം നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കുക എന്നിവയ്ക്ക് സമയം അനുകൂലം. ഈ സ്ഥിതി നവംബർ 20 വരെയാണ്. ഗുരു ബലവാൻ അല്ലാത്തതിനാൽ കാര്യങ്ങൾ ചെയ്യുന്നത് ശ്രദ്ധയോടെ വേണം. അല്ലാത്തപക്ഷം ധനപരമായ നഷ്ടങ്ങൾ സംഭവിക്കുന്നതിനും, ശരിയായ രേഖകൾ ഇല്ലാത്ത വസ്തുക്കൾ വാങ്ങുന്നതിനും അതിൽ നിന്നും പലവിധത്തിലുള്ള നഷ്ടങ്ങൾ സംഭവിക്കുന്നതിനും ഇടയാക്കും. വ്യാഴം നാലിൽ നിലകൊള്ളുന്ന കാലത്ത് ശ്രദ്ധയോടെ നടത്തുന്ന നിക്ഷേപങ്ങൾക്ക് ശരിയായ ഫലസിദ്ധി ഉണ്ടാകുന്നത് വ്യാഴം അഞ്ചിൽ വരുമ്പോൾ മാത്രമാണ്. അഞ്ചിൽ ശനി അത്ര ദോഷമല്ല എങ്കിലും സന്താനങ്ങളെ നന്നായി നിരീക്ഷിക്കുക. അവർക്ക് വേണ്ടി സമയം മാറ്റി വക്കുക. ഗണപതി പ്രീതി : പഞ്ചാക്ഷര ഗണപതിയന്ത്ര ധാരണം ഇവ ഗുണപ്രദം.

തുലാക്കൂറ്
(ചിത്തിര അവസാന പകുതി , ചോതി, വിശാഖം ആദ്യ മുക്കാൽ)

തുലാം രാശിക്കാർക്ക് വ്യാഴം നാലിൽ നിന്നുംനിന്നും മൂന്നിലേക്ക് വരികയാണ്. മൂന്നിലെ വ്യാഴം ഇവരെ ചതിയിൽ പെടുത്താം. ഈ കാലഘട്ടത്തിൽ മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കരുത്. ജാമ്യം നിൽക്കുക, സാക്ഷി പറയുക, മറ്റുള്ളവരിൽ നിന്നും കടം വാങ്ങി കൂടുതൽ പലിശ കിട്ടും എന്ന വിശ്വാസത്തോടുകൂടി ആർക്കെങ്കിലും മറിച്ചു കൊടുക്കുക, മറ്റുള്ളവർക്ക് സ്വന്തം വസ്തുക്കളോ വാഹനങ്ങളോ ഉപയോഗിക്കാൻ കൊടുക്കുക, ബ്‌ളാങ്ക് ചെക്കുകൾ കൊടുക്കുക ഉറപ്പില്ലാത്ത മരുന്നുകൾ കഴിക്കുക, കാലാവധി കഴിഞ്ഞ മരുന്ന് കഴിക്കുക, കഴിവില്ലാത്ത വൈദ്യന്മാരുടെ ചികിത്സ തേടുക തുടങ്ങിയവ ദോഷഫലങ്ങൾ ഉണ്ടാക്കും.. മൂന്നിൽ വ്യാഴം നിൽക്കുന്ന സമയത്തെ വിവാഹ നിശ്ചയം പ്രതികൂലമാകാം. തുലാക്കൂറിന്റെ അധിപനായ ശുക്രനും വ്യാഴവും ശത്രുക്കളാകയാൽ വ്യാഴത്തിന് ബലഹീനത കൂടിയുള്ളപ്പോൾ ദൂഷ്യഫലങ്ങൾ അധികരിക്കും. ഗുരുശനിയോഗം, മൂന്നിൽ നടക്കുന്നതിനാൽ തൊണ്ടയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. വ്യാഴശാന്തി പൂജ, വിഷ്ണുക്ഷേത്ര ദർശനം തുടങ്ങിയവ പരിഹാരമാണ്. വിഷ്ണു നാമങ്ങൾ ജപിക്കുക. ലക്ഷ്മീനരസിംഹ യന്ത്ര ധാരണം. ജപം. ശാസ്താവിന് പാനകം . ഗണപതി സ്തുതി ചൊല്ലുക.

വൃശ്ചികക്കൂറ്
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)

വ്യാഴം ധനുരാശിയിലേക്ക് കടക്കുന്നത്. പ്രമാണ പ്രകാരം ധനവർദ്ധനവ് നൽകും. ഇപ്പോഴത്തെ വ്യാഴമാറ്റം വൃശ്ചികക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ കുറച്ചെങ്കിലും നൽകും. വ്യാഴം രണ്ടിൽ ധനസ്ഥാനത്താണ് . ഇതിന്റെ ഫലമായി ബാങ്കിംഗ്, ഉപദേശം നൽകൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും മരുന്ന്, ചികിത്സ ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ധനലാഭമുണ്ടാകും. വ്യാഴത്തിന് കേതുയോഗം ഉള്ളതിനാൽ ധനവുമായി ബന്ധപ്പെട്ടും മുൻപ് പറഞ്ഞ കർമ്മങ്ങൾ മുഖേനയും പലവിധ വ്യസനങ്ങൾ സംഭവിക്കാം. രണ്ടാം ഭാവം വായ് ആയതിനാൽ ആഹാരവുമായി ബന്ധപ്പെട്ട് രോഗബാധ ഉണ്ടാകുവാൻ ഇടയുണ്ട്. സംസാരിക്കുമ്പോൾ ശ്രദ്ധയില്ലാതെയും നിയന്ത്രണം ഇല്ലാതെയും പല വാക്കുകൾ പുറത്തു വരാനും അതിൽ നിന്നും മറ്റ് പല നഷ്ടങ്ങൾ സംഭവിക്കാനും ഇടയുണ്ട്. ആഗസ്റ്റ് 15 വരെ 5 ൽ കുജനാണ്. അഞ്ചിലെ കുജൻ കാരണം സന്താനങ്ങളാൽ പല വിധത്തിലുള്ള വിഷമത വരാതെ ശ്രദ്ധിക്കുക. സന്താനങ്ങളെ നന്നായി നിരീക്ഷിക്കുക.. വസ്തുവകകൾ, വീട്, ഇവയുമായി ബന്ധപ്പെട്ട് കലഹം. വരാതെ സൂക്ഷിക്കുക.ഉദരത്തിൽ വ്യാധി,മുറിവ് വരാ തെ നോക്കുക. സ്ത്രീകൾക്ക് പ്രസവവുമായി ബന്ധപ്പെട്ടും മറ്റുളളവർക്ക് ചികിത്സയിലുമാകാം പിഴവ്സംഭവിക്കാതെ ജാഗത പുലർത്തുക.. ആരോഗ്യ കാര്യത്തിൽ സൂക്ഷിക്കണം. അതേ സമയം ഏഴിൽ നിൽക്കുന്ന സൂര്യൻ പ്രബലനാണ്. ഈ സ്ഥിതി ആഗസ്റ്റ് ഒന്നു വരെയുണ്ട്. ഈ സമയത്ത് സുഖം, വിവാഹം, അംഗീകാരം എന്നിവ ലഭിക്കും. പിരിഞ്ഞു കഴിയുന്ന സ്ത്രീ പുരുഷന്മാർ യോജിക്കും. കലയുമായി ബന്ധപ്പെട്ടവർക്ക് നേട്ടമുണ്ടാകും. മൂന്നിലെ ശനി പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് മത്സര പരീക്ഷകളിൽ വിജയം നൽകും.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം)

വ്യാഴം ജന്മത്തിലേക്ക് വരുന്നതോടെ എന്തെങ്കിലും
ഒരു വിധത്തിലുള്ള സ്ഥാനചലനത്തിന് സാദ്ധ്യതയുണ്ട്. ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് കൂടുതൽ ബാധകം. സ്ഥാനചലനം എന്നത് സ്ഥലം മാറ്റമോ ചുരുങ്ങിയ പക്ഷം ഇരിക്കുന്ന കസേര മാറുകയെങ്കിലും ആകാം. ജന്മം എന്നാൽ ഒന്നാം ഭാവമാണ്. അതായത് തല. അതിനാൽ തലയിൽ തേയ്ക്കുന്ന എണ്ണ, നെയ് ചേർത്തിട്ടുള്ള വസ്തുക്കൾ ഇവ വളരെ ശ്രദ്ധിച്ചു മാത്രമേ ഉപയോഗിക്കാവൂ. പൊതുവെ വ്യാഴം, ശനി, കേതു പരിഹാരങ്ങൾ തുടർച്ചയായി ചെയ്യുന്നത് നല്ലത്. നവംബർ 20ന് വ്യാഴം മകരത്തിലേക്ക് പകരുകയും ജന്മവ്യാഴം അവസാനിക്കുകയും ചെയ്യും. ശാസ്തായന്ത്ര ധാരണം. മാസത്തിൽ ഒരു ശനി പൂജ ,അയ്യപ്പന് നല്ലെണ്ണ സമർപ്പണം. ഗണപതിക്ക് മുഖ ചാർത്ത് .

മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)

വ്യാഴം 12 ലേക്ക് വരുന്നു. വളരെക്കാലമായി നടത്തുവാൻ ആഗ്രഹിച്ചിരുന്ന പല കർമ്മങ്ങളും ബുദ്ധിമുട്ടനുഭവിച്ചിട്ടായാലും ചെയ്തു തീർക്കും. പലവിധത്തിലുള്ള ചിലവുകൾ ഉണ്ടാകും. വിവാഹം, വീടുനിർമ്മാണം, വിദേശയാത്ര, വാഹനം വാങ്ങുക പുതിയ ബിസിനസ്‌ ആരംഭിക്കുക തുടങ്ങി പല തരത്തിലാകും ചെലവ്. അത്തരം പ്രവൃത്തികളുടെ അദ്ധ്വാനവും പിന്നീട് ഇവകളിൽ നിന്നുള്ള പ്രയോജനവും ഉണ്ടാകും. 2020 ജൂൺ 30 മുതൽ 2020 നവംബർ 20 വരെ വ്യാഴം വീണ്ടും ചെലവുകൾ നടത്താനുള്ള സമയമാണ്. ഈ സമയത്ത് നിക്ഷേപങ്ങൾ നടത്തുന്നത് ഉചിതമായിരിക്കും. ജാത കാൽ അനുകൂല മുഹൂർത്തങ്ങളിലേ തുടങ്ങാവു.ഗൃഹദോഷങ്ങൾക്ക് പറഞ്ഞിരിക്കുന്ന പരിഹാരങ്ങൾ ചെയ്യുന്നത് ഉചിതമാണ്. ഔഷധസ്‌നാനം, രത്‌നധാരണം, ആഹാരനിയന്ത്രണം ഇവ പ്രധാനം. ശനീശ്വര യന്ത്ര ധാരണം ജാതകാൽ ശനിയോഗ കാരകനാണെങ്കിൽ ഇന്ദ്രനീല രത്നധാരണം. നക്ഷത്രദിവസം ഗണപതി ഹവനം. കാക്കക്ക് എള്ളു കലർന്ന ഭക്ഷണം നൽകുക.

കുംഭക്കൂറ്
(അവിട്ടം അവസാന പകുതി ചതയം,
പൂരുരുട്ടാതി ആദ്യ മുക്കാൽ)

വ്യാഴം 11 ലേക്ക് കടക്കുന്നു. പൊതുവേ കുംഭ കൂറുകാർക്ക് കുറേ നല്ല ഫലങ്ങൾ പ്രതിക്ഷിക്കാം. രണ്ടിൽ ചൊവ്വ. നാലിൽ ബലവാനായ ശുക്രൻ രണ്ടിലെ ചൊവ്വ വ്യാഴവുമായി പരിവർത്തന യോഗം ചെയ്ത് നിൽക്കുന്നു. വ്യാഴം 11 ൽ കേതു യോഗത്തോടെയാണ്. പതിനൊന്നാം ഭാവാധിപനുമാണ് വ്യാഴം. ഗുണദോഷ മിശ്ര ഫലങ്ങൾ ഉണ്ടാകും. പണവരവ് കൂടുമെങ്കിലും ആ പണം ശരിയായ രീതിയിൽ ഉപകരിക്കില്ല. മറ്റു പലർക്കുമായി ചെലവാകാം. ഏഴരശ്ശനി ആണെങ്കിലും കുംഭക്കൂറുകാരുടെ രാശി നാഥനാണ് ശനി. അതിനാൽ ശനിയുടെ ഉപദ്രവം കുറയും. കുംഭക്കൂറിന് മാത്രമാണ് ധനാധിപനും ലാഭാധിപനും വ്യാഴം തന്നെയാകുന്നത്. ഇത് ധനവരവിന് ഭാഗ്യകരമാണ്. രണ്ടിൽ നിൽക്കുന്ന കുജൻ കലഹം ഉണ്ടാക്കുമെന്നതിനാൽ വാക്കിൽ നിയന്ത്രണം വേണം.ഭൂമിയുമായോ കെട്ടിടങ്ങളുമായോ യന്ത്രസാമഗ്രികളുമായോ ബന്ധപ്പെട്ട് ധനലാഭമുണ്ടാകാം. റിയൽ എസ്റ്റേറ്റ് . ഇടനില കച്ചവടങ്ങളിൽ അപ്രതീക്ഷിത നേട്ടം. ആരോഗ്യശ്രദ്ധ വേണം. കലാ രംഗത്ത് നേട്ടം. ജാതക പരിശോധന ചെയ്ത് ഇന്ദ്രനീലം ധരിക്കുക. ശാസ്താ പ്രീതി .കാക്കക്കും , വൃദ്ധ ജനങ്ങൾക്കും , വികലാംഗർക്കും അന്നദാനം. സർപ്പപ്രീതി കേതു ദശയുള്ളവർ ഗണപതിയന്ത്ര ധാരണം. ആയുഷ് സൂക്ത ഗണപതി ഹോമം നടത്തിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി അവസാനകാൽ, ഉത്തൃട്ടാതി, രേവതി )

മീനക്കൂറുകാർക്ക് വ്യാഴം പത്തിലേക്ക് വരുനു വ്യാഴം മാറുന്നത് കർമ്മസ്ഥാനത്തേക്കാണ് കർമ്മസ്ഥാനത്ത് വ്യാഴം ദുരിതങ്ങൾ ഉണ്ടാക്കും. പിടിവാശിയാൽ ജോലി നഷ്ടം വരെ സംഭവിക്കാം.
ഇത്തരം സന്ദർഭങ്ങളിൽ ഗ്രഹദോഷ പരിഹാരങ്ങൾ ചെയ്യണം. “കർമ്മത്തിൽ ഗുരു മർമ്മത്തിൽ കുരു” എന്നാണ് പറയുക. അതായത് ഒന്നും ചെയ്യാതിരുന്നാലും ചെയ്താലും പല തരം വിഷമതകൾ വരും. അതേ സമയം 11 ലെ ശനി വളരെ നല്ലതാണ്. ധന, ധാന്യവർദ്ധന, കൃഷി കാര്യങ്ങളിൽ നിന്ന് ലാഭം, എല്ലാ മേഖലകളിലും ഉന്നതി ഇവ ഫലം. ചൊവ്വ മീനം രാശിയിൽ നിൽക്കുന്നതിനാൽ വാക്കിൽ നിയന്ത്രണം വേണം. അകാരണമായി ദേഷ്യം കൂടുകയും അക്രമവാസന ഉണ്ടാവുകയും ചെയ്യാം. പ്രാർത്ഥന ,ജപം, ധ്യാനം 1 യോഗ ഇവ ശീലമാക്കണം’അതേ സമയം ധനകാരകനും ഭാഗ്യാധിപനുമായ ചൊവ്വ പല വിധത്തിലുള്ള ഭാഗ്യങ്ങളെ നൽകും. അതിൽ പ്രധാനമായിട്ടുള്ളത് ഹോട്ടൽ വ്യവസായം, യന്ത്രസാമഗ്രികളുമായി ബന്ധപ്പെട്ട കർമ്മങ്ങൾ, ആഹാരനിർമ്മാണം പ്രത്യേകിച്ചും കാറ്ററിംഗ് സർവീസ് പോലുള്ളവയിൽ പുരോഗതി, എന്നാൽ കിട്ടാനുള്ള പണം കിട്ടുന്നതിൽ വിഷമതകൾ അനുഭവിക്കും. മൂന്നിൽ നിൽക്കുന്ന ശുക്രൻ പലപ്പോഴും അപഥ സഞ്ചാരങ്ങൾക്ക് താല്പര്യം ജനിപ്പിക്കാം. കമിതാക്കൾക്ക് ധീരപ്രവർത്തികൾ ചെയ്യാനുള്ള കരുത്ത് ലഭിക്കും. ക്ഷമ, ഈശ്വരാർപ്പണം, ഇവ നിർബന്ധം . സർപ്പപ്രീതി ., ചന്ദ്രകാന്തം ധരിക്കുക പൗർണ്ണമിക്ക് ദുർഗ്ഗാ ദേവി ക്ക് പാൽ പായസം. ചന്ദ്ര പൊങ്കാല. ചന്ദ്ര ഗായത്രി ജപം. ലളിതാ സഹസ്രനാമജപം, മഹിഷാസുരമർദ്ദിനി സ്തോത്രജപം , ശൂലിനിയന്ത്ര ധാരണം.

കടപ്പാട്: ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

COMMENT ON NEWS

Please enter your comment!
Please enter your name here