തിരുവനന്തപുരം: നാടിന്റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിര്‍ക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോനക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. പ്രളയം വന്നപ്പോള്‍ അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെപ്പോലും അട്ടിമറിക്കാന്‍ ശ്രമിച്ചു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ ഉത്തരവ് കത്തിച്ചവരാണ് ഇവര്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും നാടിന്റെ വഴി മുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് അവര്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പഴഞ്ചൊല്ലാണ്. ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല, പാലു കറക്കാന്‍ തന്നെ ഓടുകയാണ് ചെയ്യുന്നത്. ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. സര്‍ക്കാരിന്റെ അഞ്ചാംവര്‍ഷം എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ആ ജാള്യം മറച്ചുവെക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താന്‍ കഴിയുമോ എന്നു നോക്കാനുമാണ്. പത്രസമ്മേളനം വിളിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക. കുറച്ചുദിവസം അതുതന്നെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. ഒടുവില്‍ ഒന്നും തെളിയിക്കാനാവാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്മാറുക ഇതാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം. ഇതിനുമുമ്പ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളും അതില്‍നിന്നുള്ള നിരുപാധിക പിന്മാറ്റവും കഴിഞ്ഞദിവസം തന്നെ നാം കണ്ടല്ലൊയെന്നും മുഖ്യമന്ത്രി പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here