മലപ്പുറം:സമ്പർക്കത്തിലൂടെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ച എടപ്പാളിൽ നാല് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. പൊന്നാനി നഗരസഭയിലെ 47 വാർഡുകളും ഇതിൽപ്പെടും. ഇവിടെ കളക്ടർ കെ. ഗോപാലകൃഷ്ണൻ സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു.

എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ഒരു ഭിക്ഷാടകന് രോഗംബാധിച്ചതിന്റെ ഉറവിടം വെളിപ്പെട്ടിട്ടുമില്ല. വട്ടംകുളത്തെ അഞ്ചുപേർക്ക് രോഗംബാധിച്ചതിന്റെ ഉറവിടവും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മേഖലയിൽ അടച്ചിടൽ പ്രഖ്യാപിച്ചത്.

വട്ടംകുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, 50, 51 വാർഡുകളൊഴികെയുള്ള 47 വാർഡുകളാണ് കണ്ടെയ്ൻമെന്റ് മേഖലകളിലുള്ളത്.

മലപ്പുറം പൊന്നാനിയിൽ അതീവ ജാഗ്രത. കൊവിഡ് കേസുകൾ രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. താലൂക്കിൽ ട്രിപിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എടപ്പാളുമായി ചേർന്ന് കിടക്കുന്ന പാലക്കാട് ജില്ലയിൽ അതിർത്തി പ്രദേശത്തും നിയന്ത്രണം ഏർപ്പെടുത്തും.

അതേസമയം ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ സമ്പർക്കപ്പട്ടിക വിപുലമാണെന്ന വിവരം പുറത്തുവന്നു. ഡോക്ടർമാരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആയിരത്തിലേറെ പേരുണ്ട്. പ്രദേശത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.

അതിനിടെ മലപ്പുറത്ത് രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിന് വിവിധ മേഖലകളിലുള്ള 1,500 പേരുടെ സ്രവ പരിശോധന നടത്താൻ തീരുമാനിച്ചു. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കമുണ്ടായി 14 ദിവസം പൂർത്തിയാകാത്ത 500 പേർ, ആശാവർക്കർമാർ, കൊവിഡ് വളണ്ടിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന 500 പേർ, ഇതിന് പുറമെ 60 വയസിന് മുകളിൽ പ്രായമുള്ള 250 പേർ, സർക്കാർ-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകൾ ഇന്ന് ജില്ലയിലെത്തിക്കും.

രോഗംബാധിച്ചവർ ജോലിചെയ്ത രണ്ട് ആശുപത്രികളും പൂർണമായും ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാക്കി. പുറത്തുനിന്ന് ആർക്കും പ്രവേശനമില്ല. അകത്തുള്ളവർക്ക് പുറത്തുപോകാനുമാവില്ല. ഈ ദിവസങ്ങളിൽ രണ്ടു ഡോക്ടർമാരുടെയുമടുത്ത് ചികിത്സ തേടിയവരെപ്പറ്റിയുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. അവർക്ക് മുന്നറിയിപ്പും നൽകി. മേഖലയിൽ ആദ്യ ലോക്ഡൗണിന്റെ അതേ നിയന്ത്രണങ്ങളാകും ഉണ്ടാവുക.
ദേശീയപാതയിലും നിയന്ത്രണം

ദേശീയപാതയിൽ എടപ്പാളിലൂടെ പോകുന്ന വാഹനങ്ങൾ അരമണിക്കൂറിനുള്ളിൽ കണ്ടെയ്ൻമെന്റ് മേഖല കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇടയിൽ വാഹനങ്ങളിൽനിന്ന് ആരും പുറത്തിറങ്ങാൻ പാടില്ല. ഒരു പെട്രോൾ പമ്പ് രാവിലെ ഏഴുമുതൽ പത്തുവരെ പ്രവർത്തിക്കും.എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 20,000ലധികം പേര്‍; ആശുപത്രികള്‍ അടച്ചു.

മലപ്പുറം എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്.

ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ട്.
ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രണ്ട് ആശുപത്രികളും അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here