ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു പഴം-പച്ചക്കറി വിപണി സന്ദര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഷെയ്ഖ് മുഹമ്മദ് റാസ് അല്‍ ഖോറിലെ ഫ്രഷ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. തൊഴിലാളികളും ഉപഭോക്താക്കളും അവരുടെ ഇടയില്‍ ദുബായ് ഭരണാധികാരിയെ കണ്ടത് അവര്‍ക്കിടയില്‍ തന്നെ വലിയ അതിശയമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ യുഎഇ മന്ത്രിസഭ സുസ്ഥിര കൃഷിക്കായി ഒരു ദേശീയ സംവിധാനത്തിന് അംഗീകാരം നല്‍കിയതോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷ്യമിടുന്ന കാര്‍ഷിക വിളകളില്‍ നിന്ന് സ്വയംപര്യാപ്തത പ്രതിവര്‍ഷം 5 ശതമാനമായും കാര്‍ഷിക വരുമാനം 10 ശതമാനമായും ഉയര്‍ത്താനും സാമൂഹികമായി, ഈ മേഖലയിലെ തൊഴിലാളികളെ 5 ശതമാനം ഉയര്‍ത്താനും പാരിസ്ഥിതികമായി, ഒരു ഉല്പാദന യൂണിറ്റിന്റെ ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തില്‍ 15 ശതമാനം വാര്‍ഷിക കുറവു വരുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ആഴ്ച ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡിഎംസിസി കോഫി സെന്ററും ജെബല്‍ അലിയിലെ ഒരു ഫിഷ് ഫാമും സന്ദര്‍ശിച്ചിരുന്നു. കൂടാതെ ഈ മാസം ആദ്യം അദ്ദേഹം ജുമൈറയിലെ ഒരു ഹോട്ടലും സന്ദര്‍ശിച്ചിരുന്നു.