മലപ്പുറം: എടപ്പാളിൽ 2 ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഡോക്ടർമാർ പരിശോധിച്ച രോഗികളെ സ്രവ പരിശോധനക്ക് വിധേയമാക്കും. എടപ്പാളിലെ രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതോടെ കോവിഡ് പോസിറ്റീവായിരിക്കുന്നത്. രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും ഒരു നഴ്സുമാണ് മറ്റ് മൂന്നുപേര്‍.

ADVERTISEMENT

കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ മലപ്പുറം എടപ്പാൾ വട്ടംകുളം മേഖലയില്‍ നിലവിൽ സാമൂഹ്യ വ്യാപനമുണ്ടന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹവ്യാപനമൊഴിവാക്കാന്‍ എല്ലാ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിചേര്‍ന്നു.

വട്ടംകുളം സ്വദേശികളായ അഞ്ചുപേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ തന്നെ ബാങ്ക് ജീവനക്കാരിയും ബസ് കണ്ടക്ടറും തുടങ്ങി വീട്ടമ്മമാർ വരെ ഉണ്ട്. കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് പേരും നേരത്തെ അസുഖം സ്ഥിരീകരിച്ചവരിൽ ഉണ്ട്. ജൂൺ ആറിന് മേഖലയിൽ ഒരു ഭിക്ഷാടകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൽ നിന്നും എടപ്പാൾ പഞ്ചായത്ത് ഓഫീസ് ഡ്രൈവർക്കും അസുഖം പടർന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന് ശേഷം ആണ് മേഖലയിൽ റാൻഡം സാമ്പിൾ പരിശോധന തുടങ്ങിയത്. റാന്‍ഡം സാമ്പിള്‍ പരിശോധനയിലാണ് പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് വന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനേക്കാൾ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആണ് മലപ്പുറത്തെ പ്രതിരോധത്തിൽ ആക്കുന്നത്. സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പൂർണ്ണമായും അടച്ചിടേണ്ടി വന്നേക്കും

COMMENT ON NEWS

Please enter your comment!
Please enter your name here