ബെംഗളൂരു: കാമുകനൊപ്പം കഴിയാന്‍ ദൃശ്യം സിനിമ മോഡലില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. കർണാടകത്തില്‍ ആണ് സംഭവം. മൈസൂർ കെ.ആ‌ർ. നഗരയിലാണ് സംഭവം. കാമുകനെയും യുവതിയെയും കോടതി റിമാന്‍ഡ് ചെയ്തു. മൈസൂർ കെആ‌ർ നഗര സ്വദേശിയായ ആനന്ദും ഭാര്യ ശാരദയും സാലിഗ്രാമയിലാണ് താമസിച്ചിരുന്നത്. ദിവസവും മദ്യപിച്ച് ലക്കുകെട്ടാണ് ആനന്ദ് വീട്ടിലെത്തിയിരുന്നത്. ഇതില്‍ മനംമടുത്ത ശാരദ ആനന്ദിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. ജൂൺ 22 കേസിനാസ്പദമായ സംഭവം.

ഇതിനുള്ള വഴി കണ്ടെത്തിയത് ഈയിടെ കണ്ട കന്നഡ സിനിമയിലൂടെയാണ്. മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്‍റെ കന്നഡ പതിപ്പാണ് ദൃശ്യ. ഈ സിനിമയിലെ രംഗങ്ങൾക്കനുസരിച്ചാണ് ശാരദ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന രാത്രി മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചുനിന്ന ബാബു തലക്കടിച്ചു കൊന്നു. ശേഷം മൃതദേഹം രാത്രി ആനന്ദിന്റെ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളി.

ദൃശ്യ സിനിമയാണ് ഇത്തരത്തില്‍ കൊലപാതകം നടപ്പാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാരദ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. പിറ്റേന്ന് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ട്രാവല്‍ ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ആനന്ദിന് ആമേഖലയിലെ ശത്രുക്കൾ ഉള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ശാരദയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച കെ.ആർ. നഗര പോലീസിന് ചില സംശയങ്ങൾ തോന്നി. ശേഷം ശാരദയെയും ബാബുവിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. കെ.ആർ. നഗര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here