കൊല്‍ക്കത്ത : 30 വര്‍ഷം സ്ത്രീയായി ജീവിച്ച യുവതി പെട്ടെന്ന് പുരുഷനായി , ഞെട്ടിയ്ക്കുന്നതും അമ്പരപ്പിക്കുന്നതുമായ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഡോക്ടര്‍മാര്‍. കൊല്‍ക്കത്തയിലാണ് ഈ അസാധാരണ സംഭവം നടന്നിരിക്കുന്നത്. 30 വര്‍ഷം ഒരു സ്ത്രീ ആയാണ് ഈ കൊല്‍ക്കത്ത സ്വദേശി ജീവിച്ചത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതയായി. തന്റെ സ്ത്രീത്വത്തെപ്പറ്റി യാതൊരു വിധ സംശയങ്ങളും ഉണ്ടായിരുന്നുമില്ല. പക്ഷേ പെട്ടന്നൊരു ദിവസം സംഭവങ്ങള്‍ മാറിമറിഞ്ഞു. വയറുവേദനയെ തുടര്‍ന്ന നടത്തിയ പരിശോധനയില്‍ ഇവര്‍ ഒരു പുരുഷന്‍ ആണെന്ന് കണ്ടെത്തി. പരിശോധനയില്‍ ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ ആണെന്നും തെളിഞ്ഞു. 28 വയസുള്ള സഹോദരിയിലും ഇതേ ജനിതക വ്യത്യാസം കണ്ടെത്തി.

ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം’ എന്ന അവസ്ഥയാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. രൂപത്തില്‍ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ഉണ്ടായിരിക്കും. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നല്‍കുന്നത്. പക്ഷേ, ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. ക്രോമസോം ഘടന XX നു പകരം XY ആയിരിക്കും. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബയോപ്‌സി നടത്തിയപ്പോളാണ് ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്.

അടിവയറ്റിലുണ്ടായ വേദനയെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ഈ സ്ത്രീയുടെ ജനിതകാവസ്ഥ കണ്ടെത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനിതക പ്രതിഭാസമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ സ്ത്രീക്കും ഭര്‍ത്താവിനും തങ്ങള്‍ കൗണ്‍സിലിങ്ങ് നല്‍കി വരികയാണെന്നും മുന്‍പ് ജീവിച്ചിരുന്നതു പോലെ തന്നെ ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here