കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. എന്നാല്‍ ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം രാജ്യത്ത് കോവിഡ് മരണം 15,000 കടന്നു.രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതുതായി 17,296 കേസുകളും 407 മരണവും റിപ്പോർട്ട് ചെയ്തു.ഇതുവരെ 77,76,228 സാമ്പിളുകൾ പരിശോധിച്ചതായി ഐ സി എം ആർ അറിയിച്ചു. ജനങ്ങൾ മാസ്ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here