ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ നാല് മാസത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളോടെ ഇന്നലെ മുതൽ തുറന്നെണ്ണിത്തുടങ്ങി. ക്ഷേത്രത്തിനു പുറത്ത് വലിയ ദീപസ്തംഭത്തിനു മുന്നിലെ വലിയ ഭണ്ഡാരമാണ് എണ്ണി തിട്ടപ്പെടുത്താൻ തുടങ്ങിയത്. ഇത് പൂർണമായിട്ടില്ല. നീണ്ട ഇടവേളക്ക് ശേഷമായിരുന്നു എണ്ണലെങ്കിലും നോട്ടുകൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നത് ആശങ്കകളെ ദൂരീകരിച്ചിട്ടുണ്ട്.

ആദ്യ ദിനത്തിൽ തന്നെ 15 29 03 2 രൂപ ലഭ്യമായി. നിരോധിത നോട്ടുകൾ ഇത്തവണയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ജില്ല കലക്ടറുടെ നിർദ്ദേശ പ്രകാരം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിന്നു ഭണ്ഡാരമെണ്ണൽ. 20 കുട്ടകങ്ങളിലായാണ് നാണയങ്ങളും തുകളും എണ്ണാ നെടുത്തത്. 30 ജീവനക്കാർ പങ്കെടുത്തു. ഇതിൽ 20 പേർ മാത്രം എണ്ണാനായി നിയോഗിക്കപ്പെട്ടു.
ഫെബ്രുവരി 25ന് ശേഷം ഭണ്ഡാരം തുറന്നെണ്ണിയിട്ടില്ലെന്നതിനാൽ 3 ആഴ്ചയോളം നീണ്ടു നിന്നേക്കുമെന്നാണ് സൂചന.

മുൻ കാലങ്ങളിൽ എണ്ണാനായി നിയോഗിക്കപ്പെട്ടിരുന്നവരുടെ എണ്ണത്തിൽ മൂന്നിലൊന്നു കുറവ് പേർ മാത്രമേ ഇത്തവണ സേവനത്തിനുള്ളൂവെന്നതാണ് എണ്ണൽ ദൈർഘ്യമേറാനിടനൽകുന്നത്. ഭണ്ഡാരങ്ങളും മറ്റു നിക്ഷേപങ്ങളും ദേവസ്വം ഹെൽത്ത് സൂപ്പർ വൈസർ എം എൻ. രാജീവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘം അണുവിമുക്തമാക്കിയിരുന്നു. ദേവസ്വം മെമ്പർ മാരായ എ വി പ്രശാന്ത്, കെവി ഷാജി, കെ.അജിത്ത്, സിഎഫ്എഒ. മനോജ് കുമാർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെആർ സുനിൽകുമാർ, സി ശങ്കർ തുടങ്ങിയവർ സന്നിഹിതരായി.